
ബാറിൽ മദ്യപന്മാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; മൂന്നു പേർക്ക് കുത്തേറ്റു ; നിരവധി പേർക്ക് പരിക്ക് ; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കാട്ടാക്കടയില്‍ മദ്യപന്മാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ശനിയാഴ്ച രാത്രി 12 മണിയോടെ അഭിരാമി ബാറിലാണ് സംഭവം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. കാട്ടാക്കട സ്വദേശികളായ വൈശാഖ്, ശരത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാറിലുണ്ടായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴും ഇരു സംഘങ്ങളും തമ്മിൽ ബാറിന്റെ കോമ്പൗണ്ടിനുള്ളിൽവെച്ച് തന്നെ കയ്യേറ്റമുണ്ടാവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ അക്രമി സംഘത്തിലൊരാൾ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു. പരിക്കേറ്റ പ്രകാശ് ബാറിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ആളുമാറി കുത്തേൽക്കുകയായിരുന്നു .
ഇതിൽ കുറ്റിച്ചൽ സ്വദേശി വൈശാഖിൻറെ പേരിൽ നിരവധി കേസുകൾ ഉണ്ട്. സംഭവത്തിൽ വെമ്പായംസ്വദേശി അഭിലാഷ്, നെല്ലിക്കാട് സ്വദേശികളായ കിരൺ, രഞ്ജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു .