ആഡംബരക്കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ വൻ നിരോധിത പുകയില ശേഖരം പിടിച്ചെടുത്തു

ആഡംബരക്കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ വൻ നിരോധിത പുകയില ശേഖരം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ആഡംബരക്കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തു നിന്നും രഹസ്യമായി കടത്തികൊണ്ടു വന്ന ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് ആന്റി ഗുണ്ട സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ പിടികൂടി രണ്ടു പേർ അറസ്റ്റിൽ.


വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ് (35) തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ(28) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കർ IPS നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആന്റി ഗുണ്ട സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തു നിന്നുമാണ് സംഘത്തെ പിടികൂടിയത്.
ചങ്ങനാശ്ശേരി DYSP എൻ. രാജൻ CI കെ. പി. വിനോദ് SI അനിൽകുമാർ , സ്ക്വാഡ് അംഗങ്ങളായ കെ. കെ. റെജി, സിബിച്ചൻ ജോസഫ്, അരുൺ, ആന്റണി, പ്രതീഷ് രാജ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കാറിന്റെ ഡിക്കിയിൽ 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്‌ പിടിച്ചെടുത്തത്. കളയിക്കാവിളയിൽ നിന്നും വാങ്ങി ചങ്ങനാശ്ശേരി വഴി കോട്ടയത്തുള്ള കടകളിൽ വിൽക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് പോലീസ് ഇവരെ കുടുക്കിയത്. കോട്ടയം സ്വദേശിയായ ഒരു യുവാവാണ് കോട്ടയത്തുള്ള വിതരണത്തിന് ഇവർക്ക് സഹായം നൽകിയിരുന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി ഇവർ വൻതോതിൽ പണം സമ്പാദിച്ചിരുന്നതായി പോലീസ് കണ്ടെത്തി വിലപിടിപ്പുള്ള ആഡംബര കാറിൽ രാത്രി കാലങ്ങളിൽ പോലീസിനെ വെട്ടിച്ചാണ് ഇവർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.