
തിരുവനന്തപുരം: രാജ്യത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വിവിധ ഔഷധലാബുകളില്‍ നടത്തിയ പരിശോധനയില്‍ 93 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇവയില്‍ 11 എണ്ണവും കേരളത്തിലെ ലാബുകളില്‍ പരിശോധനയില്‍ കണ്ടെത്തിയവയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇവയില്‍ ഗുളികകള്‍, സിറപ്പുകള്‍, കുത്തിവയ്പ്പിനായുള്ള മരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒരേ മരുന്നിന്റെ മൂന്നുസാമ്ബിളുകളും നിലവാരമില്ലാത്തവയായി.
എറണാകുളത്തെ റീജിയണല്‍ ലാബറട്ടറിയില്‍ പരിശോധിച്ച അഞ്ച് സാമ്ബിളുകള്‍ നിശ്ചിത മേന്മയില്ലാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും തൃശൂരിലെയും ലാബുകളില്‍ മൂന്ന് വീതമാണ് മോശമായത്. ഹിമാചല്‍പ്രദേശിലെ മായ ബയോടെക് നിർമിച്ച മൂക്കിലൊഴിക്കുന്ന സോഡിയം ക്ലോറൈഡ് തുള്ളിമരുന്നിന്റെ മൂന്ന് ബാച്ചുകളാണ് എറണാകുളത്തെ പരിശോധനയില്‍ പരാജയപ്പെട്ടത്. ശ്വാസംമുട്ടിനുള്ള സാല്‍ബുട്ടാമോള്‍ സിറപ്പ്, മോണ്ടെലോകാസ്റ്റ് സോഡിയവും ലിവോസെട്രിസിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ഗുളികയുടെ ഓരോ ബാച്ചുകള്‍ എന്നിവയും പരാജയപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമേ ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദയപ്രശ്നം, ആമാശയരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളും നിലവാരമില്ലാത്തവയിലുണ്ട്. കേരളത്തിനുപുറമേ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കാശ്മീർ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാള്‍, ത്രിപുര, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളും മോശമായവയിലുണ്ട്.
കഴിഞ്ഞ നവംബറില്‍ കേരളത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ആസ്‌ത്മ രോഗികള്‍ ഉപയോഗിക്കുന്ന ഇൻഹെയ്‌ലർ മരുന്നിന്റെ വ്യാജൻ പിടികൂടിയിരുന്നു. രണ്ടുലക്ഷത്തോളം രൂപയുടെ മരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ പൂങ്കുന്നത്തെ മെഡ് വേള്‍ഡ് ഫാർമ എന്നിവക്കെതിരെ നടപടിയെടുത്തിരുന്നു.
ഡിസംബറില്‍ നടത്തിയ വ്യാജമരുന്നുവേട്ടയിലും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പത്ത് അലോപ്പതി മരുന്നുകളുടെയും ഏഴ് അരിഷ്ടങ്ങളുടെയും വില്‍പ്പനയും നിരോധിച്ചിരുന്നു. കരുനാഗപ്പള്ളി ബലാ ഹെർബല്‍സിന്റെ അമൃതാരിഷ്ടം (ബാച്ച് 0110), കനകാസവം (0114), അശ്വഗന്ധാരിഷ്ടം (111), ഉശിരാസവം (0117), കുടജാരിഷ്ടം (0113), അഭയാരിഷ്ടം (109), കരുനാഗപ്പള്ളി ശിവ ആയുർവേദിക് ഫാർമസ്യൂട്ടിക്കല്‍സിന്റെ അശോകാരിഷ്ടം (0220) എന്നിവയാണ് നിരോധിച്ച ആയുർവേദമരുന്നുകള്‍.



