ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക്; ജില്ലയിൽ പൂർണ്ണം; ബാങ്കിങ്ങ് മേഖല നിശ്ചലമായി

Spread the love

കോട്ടയം
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക, ബാങ്കിംഗ് നിയമ ഭേദഗതി ബിൽ 2021 ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തിയ ദ്വിദിന ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണ്ണമായിരുന്നു. വാണിജ്യ ബാങ്കുകളിലെ ജീവനക്കാരുടെയും, ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യു.എഫ്.ബി.യു. വിന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാർ പണിമുടക്കിയത്. പണിമുടക്കിയ ജീവനക്കാർ രണ്ടാം ദിനമായ ഡിസംമ്പർ 17 ന് എസ്.ബി.ഐ. കോട്ടയം ടൗൺ ശാഖയുടെ മുന്നിൽ നിന്ന് നഗരം ചുറ്റി പ്രകടനം നടത്തി. പണിമുടക്കിനോടനുബന്ധിച്ചുള്ള പ്രതിഷേധ ധർണ്ണയുടെ ജില്ലാ തല ഉദ്ഘാടനം സി.ഐ.ടി.യു, ജില്ലാ സെക്രട്ടറി അഡ്വ. ടി.ആർ. രഘുനാഥൻ നിർവഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോർജി ഫിലിപ്പ്, എസ്. രാധാകൃഷണൻ (എ.ഐ.ബി.ഇ.എ) വി.പി.ശ്രീരാമൻ, എ. സജീവ് (ബി.ഇ.എഫ്.ഐ), അലക്സ് ഇ.എം, മഹേഷ് വിഷ്ണു , രേഖാ പിള്ള (എ.ഐ.ബി.ഒ.സി) കിരൺ മോഹൻ, രാഹുൽ രഘു (എൻ.സി. ബി.ഇ) ശ്രീകുമാർ (പെൻഷനേഴ്സ് അസോസിയേഷൻ ) ആർ.എ.എൻ. റെഡ്യാർ (എ.കെ.ബി.ആർ. എഫ്) എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ പ്രകടനമായി എത്തി അഭിവാദ്യം അർപ്പിച്ചു. രണ്ടാം ദിവസവും ജില്ലയിലെ മുഴുവൻ ജീവനക്കാരും, ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു.