
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ 5208 പ്രബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനമായി. ഇതനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷക്ക് ജൂലൈ 21നകം ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയോഗ്യത
അംഗീകൃത സർവകലാശാല ബിരുദം/കേന്ദ്ര സർക്കാർ അംഗീകരിച്ച തുല്യമായ യോഗ്യത. പ്രായം 1-7-2025ന് ഇരുപതിനും മുപ്പതു വയസ്സിനുമിടയിൽ. പിന്നോക്ക/ പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച് വയസ്സിളവുണ്ട്. വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ആനുകൂല്യം ലഭിക്കും.
നാലുഘട്ടങ്ങളിലായി പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പേഴ്സണാലിറ്റി ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രിലിമിനറി പരീക്ഷ ഓഗസ്തിലും മെയിൻ പരീക്ഷ ഒക്ടോബറിലും പേഴ്സണാലിറ്റി ടെസ്റ്റ് നവംമ്പർ – ഡിസംബർ മാസങ്ങളിലും ഇൻ്റർവ്യൂ ഡിസംബർ-2026 ജനുവരിയിലും നടക്കും. തുടർന്ന് വിവിധ ബാങ്കുകളിലേക്കുള്ള പ്രൊവിഷണൽ അലോട്ട്മെന്റ് ഫെബ്രുവരിയോടെ പൂർത്തിയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു വിവരങ്ങൾ
പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലും മെയിൻ പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ലഭിക്കും. മംഗളൂരു, കോയമ്പത്തൂർ, തിരുനൽവേലി തുടങ്ങിയ സ്ഥലങ്ങളിലും രണ്ട് പരീക്ഷകളും എഴുതാം. അപേക്ഷ ഫീസ് 850 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗത്തിന് 175 രൂപ. വിവരങ്ങൾക്ക്: www.ibps.in