
ബാങ്ക് വാച്ചറായി ജോലിചെയ്യവെ മരണം..! ഭർത്താവിന്റെ ആശ്രിത ജോലി നൽകണം..! കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബാങ്ക് വാച്ചറായി ജോലിചെയ്യവെ മരണപ്പെട്ട ഭർത്താവിന്റെ ആശ്രിത ജോലി തനിക്കു നൽകാത്തതിൽ മനംനൊന്ത് കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. സമീപത്തെ 30 അടി താഴ്ചയുള്ള സെമിത്തേരി വളപ്പിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി അരമണിക്കൂറോളം മതിലിനു മുകളിൽ നിന്ന പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനി(38) യെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴെ ഇറക്കി.
ഇന്നലെ വൈകിട്ട് 5.30ന് മാസ്കറ്റ് ഹോട്ടലിനു സമീപത്തുള്ള ബാങ്ക് ആസ്ഥാനത്തായിരുന്നു സംഭവം. ജില്ലാ സഹകരണ ബാങ്കിനു കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ 14 വർഷം താൽക്കാലിക വാച്ചറായിരുന്ന പ്രകാശ് 3 വർഷം മുൻപാണ് ജീവനൊടുക്കിയത്. പിന്നീട് ഈ ജോലി തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും ശ്രീരഞ്ജിനി പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന ശ്രമം എന്ന നിലയ്ക്കാണ് ബാങ്ക് ആസ്ഥാനത്ത് വീണ്ടും എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാർ ഇവരെ കടത്തി വിട്ടില്ല. ഇതോടെ രണ്ടു മക്കളെ വളർത്തണമെന്നും ജീവിക്കാൻ നിവൃത്തി ഇല്ലെന്നും പറഞ്ഞ് ഇവർ പൊട്ടിക്കരഞ്ഞു. ബാങ്കിനു മുന്നിൽ കാത്തുനിന്ന ഇവർ, ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിനു പിന്നാലെ മതിലിൽ കയറുകയായിരുന്നു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴെ ഇറങ്ങാൻ തയാറായില്ല. ഒടുവിൽ മ്യൂസിയം പൊലീസും ചെങ്കൽചൂളയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി അരമണിക്കൂറോളം നേരം സംസാരിച്ച് താഴെ ഇറക്കുകയായിരുന്നു.
ജീവിക്കാൻ ഒരു നിവൃത്തിയുമില്ല. രണ്ടു മക്കളും അഗതിമന്ദിരങ്ങളിലാണ്. ജോലി ലഭിക്കാനായി ഒരു വർഷമായി ഓഫിസുകൾ കയറി ഇറങ്ങുന്നു. ഉടൻ ശരിയാക്കാമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോൾ വാക്കു മാറ്റിപ്പറയുന്നു. മക്കളെ ഒപ്പം നിർത്തി വളർത്തണം. അതിനു വേണ്ടിയാണ് ഈ അലച്ചിൽ.