video
play-sharp-fill

തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷങ്ങൾ : അധികൃതർ മോഷണവിവരം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം ; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷങ്ങൾ : അധികൃതർ മോഷണവിവരം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരാകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷക്കണക്കിന് രൂപ. തൃശ്ശൂർ സ്വരാജ് റൗണ്ട് സൗത്തിലെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സിനിമാക്കഥയെ വെല്ലുന്ന വ്യത്യസ്തമായ മോഷണം നടന്നത്. പട്ടാപ്പകൽ ബാങ്കിൽ കയറിയ 12 മോഷ്ടാക്കൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നാടകീയമായി കവർന്നത് നാല് ലക്ഷം രൂപയാണ്. നാലു പേർ ബാങ്ക് കവാടത്തിൽ കാവൽ നിൽക്കുകയും മറ്റുള്ളവർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ ക്യാബിനിൽ നിന്ന് നാല് ലക്ഷം രൂപ കവർന്നത്.

പതിവുപോലെ ബാങ്കിൽ നടന്ന വൈകിട്ടത്തെ കണക്കെടുപ്പിനിടെയാണ് നാല് ലക്ഷം രൂപ കുറവുള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് സിസിടിവി പരിശോധിപ്പോഴാണു മോഷണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതിനും പന്ത്രണ്ടിനും ഇടയ്ക്കായിരുന്നു കവർച്ച. 12 അംഗസംഘത്തിൽ എട്ട് പേരാണ് ബാങ്കിനുള്ളിൽ കയറിയത്. മറ്റുള്ളവർ ആർക്കും സംശയം തോന്നാത്ത വിധം വാതിൽക്കൽ കാവൽ നിന്നു. ഉള്ളിൽ അഞ്ച് കൗണ്ടറുകളിലെയും ജീവനക്കാർക്കു മുന്നിൽ അഞ്ച് പേർ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിക്കുകയായിരുന്നു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നിൽ രണ്ട് പേർ നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില വൗച്ചറുകൾ ജീവനക്കാരെ കാണിച്ച ശേഷം ഇവർ ഉച്ചത്തിൽ സംശയങ്ങൾ ചോദിച്ചതോടെ ജീവനക്കാരുടെ ശ്രദ്ധ മുഴുവൻ ഇവരിലേക്കു തിരിഞ്ഞു. ഈ തക്കത്തിൽ പന്ത്രണ്ടാമൻ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യർ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കൾക്കായി. ഇതിനിടെ പന്ത്രണ്ടാമൻ മേശവലിപ്പിൽ നിന്നു നാല് ലക്ഷം രൂപയെടുത്ത് അരയിൽ ഒളിപ്പിച്ചു.

പിന്നീട് ബാങ്കിനുള്ളിലുണ്ടായിരുന്ന എട്ട് പേരും ഒന്നിച്ചു തന്നെ പുറത്തുപോയി. സിസിടിവിയിൽ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സംശയം. ഭാഷാപ്രയോഗ രീതിയിൽ നിന്നാണ് ജീവനക്കാർക്ക് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. സംഭവത്തിൽ ഈസ്റ്റ്‌പോലീസ് അന്വേഷണം ആരംഭിച്ചു.