പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ച് ആക്കണമെന്നതിൽ നടപടിയായില്ല; രാജ്യമാകെ പണിമുടക്കിനൊരുങ്ങി ബാങ്ക് ജീവനക്കാർ; 24 മുതല്‍ 27 വരെ ബാങ്കുകള്‍ പ്രവർത്തനരഹിതമാകും

Spread the love

ന്യൂ ഡല്‍ഹി: ജനുവരി 27ന് രാജ്യമാകെ പണിമുടക്കിനൊരുങ്ങി ബാങ്ക് ജീവനക്കാർ. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ച് ആക്കണമെന്ന ശുപാർശ രണ്ട് വർഷമായി കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്താൻ ഒരുങ്ങുന്നത്. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

video
play-sharp-fill

ജനുവരി 26 റിപ്പബ്ലിക്ക് ദിനമായതിനാല്‍ അന്ന് ബാങ്കുകള്‍ക്ക് അവധിയായിരിക്കും. പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങള്‍ ശനി, ഞായർ ദിവസങ്ങള്‍ ആയതിനാല്‍ ആ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവർത്തിക്കില്ല. അങ്ങനെയാകുമ്ബോള്‍ പണിമുടക്ക് ദിവസമായ 27-ാം തീയതി ഉള്‍പ്പെടെ തുടർച്ചയായ നാലു ദിവസങ്ങളില്‍ (24 മുതല്‍ 27 വരെ) ബാങ്കുകള്‍ പ്രവർത്തനരഹിതമാകും.

ബെഫി, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ ഒമ്ബത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ച് ദിവസമാക്കുന്നതിനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ്‌ അസോസിയേഷൻ (ഐബിഎ) 2023ല്‍ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ശുപാർശയിന്മേല്‍ നടപടിയെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം മാർച്ചില്‍ പ്രവർത്തിദിവസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയർത്തി യുഎഫ്ബിയു നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ ചർച്ചചെയ്‌ത് തീരുമാനം എടുക്കാമെന്ന ഉറപ്പിന്മേലാണ് പണിമുടക്ക് പിൻവലിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ വിഷയം പരിഗണിക്കാത്തതിനെ തുടർന്നാണ് വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.