ബാങ്ക് ഓഫ് ബറോഡയിലെ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; വായ്പയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ അറസ്റ്റിൽ; ബ്രാഞ്ച് മാനേജർക്കെതിരെയും അന്വേഷണം; ബിജെപി – ആർഎസ്എസ് നേതാക്കൾക്കും പങ്കെന്ന് സൂചന
ശ്രീകുമാർ
ചിങ്ങവനം: ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയിലെ വായ്പാ തട്ടിപ്പിൽ നിലവിലുണ്ടായിരുന്ന മാനേജർമാർക്കെതിരെയും പൊലീസ് അന്വേഷണം. കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസറായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ ശാഖയിലെ രണ്ട് ബ്രാഞ്ച് മാനേജർമാരെയും, ചില രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പങ്ക് സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസർ പാലാ മങ്കൊമ്പ് ചൊവ്വൂർ മറ്റത്തിൽ വീട്ടിൽ ഐൻസ്റ്റീൻ സെബാസ്റ്റ്യനെ(31) ചോദ്യം ചെയ്തതോടെയാണ് മാനേജർമാരുടെ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.
ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ബാങ്ക് ഓഫ് ബറോഡയിലെ കോടിമത ശാഖയിൽ നിന്നും നാലു പേരുടെ വ്യാജ അക്കൗണ്ട് വഴി ഒരു കോടി രൂപയിലധികം മുദ്രാ വായ്പ പ്രകാരം ഐൻസ്റ്റീൻ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത ശാഖയിൽ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ചുളള സൂചന ലഭിച്ചത്. നാല് പേരുടെ അക്കൗണ്ട് വഴി 46 ലക്ഷം തട്ടിയതായി കണ്ടെത്തിയതോടെ ഐൻസ്റ്റീനെ വാഴപ്പള്ളി ശാഖയിലേക്ക് മാറ്റിയ അധികൃതർ ബാങ്കിന്റെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിരുന്നു. വാഴപ്പള്ളി ബ്രാഞ്ചിൽ ജോലി ചെയ്യുന്നതിനിടെ ഐൻസ്റ്റിൻ ഹൗസിങ്ങ് വായ്പ ഇനത്തിൽ 35 ലക്ഷം രൂപ തട്ടിയെടുത്തതായും ബാങ്ക് കണ്ടെത്തി. ഭാര്യയുടെ പേരിൽ വ്യാജ രേഖ ചമച്ച് , ഭവന വായ്പ തട്ടിയെടുത്തതായാണ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പൊലീസ് ഐൻസ്റ്റീനും ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ ചിങ്ങവനം പൊലീസ് ഐൻസ്റ്റീ നെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി എസ് സുരേഷ് കുമാർ , എസ് ഐ അനൂപ് സി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്.
തുടർന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മുൻ ബാങ്ക് മാനേജർക്ക് നിർദേശം നൽകിയെങ്കിലും ഇവർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. മുദ്രാബാങ്ക് ഇടപാടിൽ പ്രാദേശിക ബിജെപി- ആർ എസ് എസ് നേതാക്കൾക്കും പങ്കുണ്ടെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.