അവകാശികളില്ല: രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,004 കോടി

Spread the love

അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,004 കോടി. പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയുമാണുള്ളത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈക്കാര്യം രാജ്യസഭയെ അറിയിച്ചത്.

video
play-sharp-fill

എസ്ബിഐയിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്, 19,330 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 6911 കോടിയും കനറാ ബാങ്കിൽ 6278 കോടിയും കെട്ടിക്കിടക്കുന്നുണ്ട്. സ്വകാര്യബാങ്കുകളിൽ ഐസിഐസിഐ (2063 കോടി), എച്ച്ഡിഎഫ്‌സി (1610 കോടി), ആക്‌സിസ് ബാങ്ക് (1360 കോടി) എന്നീ ബാങ്കുകളിലാണ് കൂടുതൽ തുക കെട്ടിക്കിടക്കുന്നത്.

10 വർഷമായി ഇടപാടുകള്‍ നടത്താതെ കിടക്കുന്ന സേവിങ്‌സ്, കറന്റ്‌ അക്കൗണ്ടുകളിലെ പണവും കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെ 10 വർഷമായി കിടക്കുന്ന പണവും ഉൾപ്പെടെയാണിത്. ഇത്തരത്തിൽ കെട്ടിക്കിടന്ന 9456 കോടി രൂപ റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പ്രചാരണപരിപാടികളിലൂടെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉടമസ്ഥർക്ക് തിരിച്ചുനൽകി. സ്വകാര്യബാങ്കുകൾ 841 കോടി രൂപ തിരിച്ചുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ, ഈ പണത്തിന്റെ അവകാശികളെ കണ്ടെത്താനും, പണം തിരികെ നൽകാനും സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.  ഈ പണം കണ്ടെത്താൻ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( RBI ) UDGAM എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. UDGAM പോർട്ടൽ വഴി അവകാശികളില്ലാത്ത അക്കൗണ്ടുകള്‍ തിരയാൻ സാധിക്കും.  പേര്, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് തിരയാം. ഈ വിവരങ്ങളെല്ലാം പൊരുത്തപ്പെടുന്നുണ്ടെങ്കിൽ പണം തിരികെ അവകാശപ്പെടാവുന്നതാണ്.

അവകാശികള്‍ വരാത്ത പണത്തിന് എന്ത് സംഭവിക്കുന്നു?

സാധാരണയായി 10 വർഷത്തിനു ശേഷം ഈ പണം റിസർവ് ബാങ്കിന്റെ DEA ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക. ബാങ്ക് നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എന്നിരിക്കിലും, യഥാർഥ ഉടമയ്‌ക്കോ നിയമപരമായ അനന്തരാവകാശികൾക്കോ അതേ ബാങ്കിൽ പോയി മുഴുവൻ തുകയും ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്. ബാങ്ക് പണത്തിന് ബാധകമായ പലിശ സഹിതം തിരികെ നൽകാൻ ബാങ്ക് ബാധ്യസ്ഥരാണ്. പിന്നീട് റിസർവ് ബാങ്ക് ഫണ്ടിൽ നിന്ന് ഈ തുക ബാങ്കിന് തിരിച്ചെടുക്കാനും കഴിയും. ഇത്തരം ക്ലെയിമുകൾക്ക് സമയപരിധിയില്ല.