
കോട്ടയം :-വ്യവസായങ്ങൾക്ക് ലോൺ അനുവദിക്കുന്ന കാര്യത്തിലും അവരുടെ പ്രവർത്തനങ്ങളിലും ബാങ്കുകൾ സൗഹൃദ സമീപനം സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി.
കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ബാങ്കേഴ്സ് മീറ്റ് ഹോട്ടൽ ഫ്ലോറൽ പാലസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ബാങ്കുകളുടെ ഇടപെടലുകൾ വ്യവസായികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പെട്ടന്നുണ്ടാകുന്ന ഏന്തെങ്കിലും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് പ്രതികാരമനോഭാവത്തോടെ ഇടപെടുന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യവസായ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീരാഗേഷ് വി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എസ് ബി ഐ എജിഎം വിവേക് പി നായർ, കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ സുരേഷ്കുമാർ, കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ അലക്സാണ്ടർ, കെഎഫ്സി ചീഫ് മാനേജർ ഹരീഷ് മുത്തെത്ത് എന്നിവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്ബിഐ മാനേജർ രാഹുൽ എസ്ബിഐ വായ്പ പദ്ധതികളെ സംബന്ധിച്ച് ക്ലാസുകൾ നയിച്ചു . സെൻട്രൽ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ രാഹുൽ രാജു ഫിനാൻഷ്യൽ ലിറ്ററസി സംബന്ധിച്ച ക്ലാസുകൾ നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് ജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു ഡിപ്പാർട്ട്മെൻറ് പദ്ധതികളെ സംബന്ധിച്ച് ക്ലാസുകൾ നയിച്ചു. വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് സംരംഭകർക്ക് ആവശ്യമായ ഹെൽപ്പ് ഡെസ്ക് സംവിധാനം, കെ സിഫ്റ്റ് ഉദ്യം രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള ഹെൽപ്പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തി. സംരംഭകർക്ക് ബാങ്കിൻറെ മുൻപിൽ തങ്ങളുടെ പ്രോജക്ടുകൾ വിശദീകരിച്ച് വായ്പകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഈ പ്രോഗ്രാമിൽ നടപ്പിലാക്കി.
92 സംരംഭകരും വിവിധ ബാങ്ക് പ്രതിനിധികളും ഉൾപ്പെടെ 104 ആളുകൾ ജില്ലാതല ബാങ്കേഴ്സ് മീറ്റിൽ പങ്കെടുത്തു.