
ബെംഗളൂരു: യുവ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരുവിൽ 27കാരിയായ ശിൽപ ജീവനൊടുക്കിയതിന് പിന്നാലെ അമ്മ പരാതി നൽകിയതോടെയാണ് ഭർത്താവ് പ്രവീണ് പിടിയിലായത്. മരിക്കുമ്പോൾ ശിൽപ ഗർഭിണിയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും നിറത്തിന്റെ പേരിൽ ബോഡി ഷെയ്മിങ് നടത്തിയും ഭർത്താവിന്റെ വീട്ടുകാർ ശിൽപയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
പ്രവീണിന്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അമ്മ നൽകിയ പരാതിയിലുള്ളത്. ശിൽപയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആദ്യം അറിയിച്ചതെന്നും പിന്നീട് ആത്മഹത്യ ചെയ്തെന്ന് മാറ്റിപറഞ്ഞെന്നും ശിൽപയുടെ അമ്മ ശാരദയും സഹോദരി സൗമ്യയും പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് പ്രവീണും കുടുംബവും ചേർന്ന് ശിൽപയുടെ മൃതദേഹം കട്ടിലിൽ കിടത്തിയെന്നും ആരോപിച്ചു. പ്രവീണും കുടുംബവും ചേർന്ന് ശിൽപയെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ചു. ശിൽപയുടെ അമ്മ ശാരദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 80 ( സ്ത്രീധന മരണം ), 1961ലെ സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രവീണിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിലെ വീട്ടിൽ ബുധനാഴ്ചയാണ് ശിൽപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ്പയും പ്രവീണും സോഫ്റ്റ്വെയർ എഞ്ചിനീയർമാരായിരുന്നു. 2022ലായിരുന്നു വിവാഹം . ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പ്രവീൺ ജോലി രാജിവെച്ച് പാനി പൂരി കട തുടങ്ങി. മകൻ ജനിച്ചതിന് ശേഷമാണ് ശിൽപ ജോലി ഉപേക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ സമയത്ത് 150 ഗ്രാം സ്വർണാഭരണങ്ങളും 35 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നുവെന്ന് ശിൽപ്പയുടെ അമ്മ പറഞ്ഞു. വിവാഹത്തിന് ശേഷവും നിരന്തരം പണം ആവശ്യപ്പെട്ടു. പീഡനം സഹിക്കാനാവാതെ നാല് മാസം മുമ്പ് ശിൽപ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കുടുംബം ഇടപെട്ട് പ്രവീണുമായും വീട്ടുകാരുമായും ഒത്തുതീർപ്പാക്കി തിരിച്ചയച്ചു. പോകുന്നതിന് മുമ്പ് താൻ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നുവെന്നും ശാരദ പരാതിയിൽ പറയുന്നു. സ്ത്രീധന പീഡനത്തിന് പുറമെ നിറം പോരെന്നും ഉയരമില്ലെന്നുമെല്ലാം പറഞ്ഞ് പ്രവീണിന്റെ അമ്മ ശിൽപയെ അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും ശാരദ പറഞ്ഞു. തുടർന്നാണ് പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്തത്.