
ബെംഗളൂരു: സ്ത്രീധനത്തിന്റെ പേരിൽ കർണാടകയിലെ ആനേക്കൽ ടൗണിൽ യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. ഭർത്താവും വീട്ടുകാരും ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ 32 കാരിയായ യുവതിയെ മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആനേക്കൽ ടൗണിലെ നാരായണപുരയിലാണ് സംഭവം നടന്നത്. അഞ്ച് വർഷം മുമ്പ് വിവാഹിതയായ യുവതിക്ക് അന്നുമുതൽ ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നര ലക്ഷം രൂപ സ്ത്രീധനമായി വീട്ടിൽ നിന്ന് കൊണ്ടുവരാൻ നിരന്തരം ആവശ്യപ്പെട്ടായിരുന്നു പീഡനം. ഭർത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു.
ഒത്തുതീർപ്പ് ചർച്ചകൾക്കിടെ മർദ്ദനം
അടിയും ചവിട്ടും പതിവായതോടെ യുവതിയും കുടുംബവും പ്രദേശത്തെ പഞ്ചായത്തിനെ സമീപിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നതിനിടെയാണ് ഭർതൃവീട്ടുകാർ യുവതിയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി മർദ്ദിച്ചത്. നാല് വയസ്സുള്ള തൻ്റെ മകനെ ഭർതൃവീട്ടുകാർ പിടിച്ചുവെച്ചിരിക്കുകയാണെന്നും കാണാൻ അനുവദിക്കുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി ആനേക്കൽ പോലീസിൽ പരാതി നൽകി. ഭർത്താവ് അരുൺകുമാർ, ഭർതൃമാതാവ് പ്രഭാവതി, പിതാവ് ചൗധപ്പ, ബന്ധുക്കളായ ഗജേന്ദ്ര, നരസിംഹ മൂർത്തി, ലക്ഷ്മി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group