play-sharp-fill
ബംഗളൂരുവിലെ മലയാളി നഴ്സിന്റെ മരണം: നാല് മാസത്തിന് ശേഷം ഭർത്താവ് പൊലീസ് പിടിയിൽ; അറസ്റ്റ് യുവതിയുടെ പിതാവിന്റെ പരാതിയിൽ

ബംഗളൂരുവിലെ മലയാളി നഴ്സിന്റെ മരണം: നാല് മാസത്തിന് ശേഷം ഭർത്താവ് പൊലീസ് പിടിയിൽ; അറസ്റ്റ് യുവതിയുടെ പിതാവിന്റെ പരാതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ബംഗളുരുവിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് നാല് മാസത്തിന് ശേഷം പിടിയിൽ.
ഭർത്താവ് ജസ്റ്റിനാണ് കഴിഞ്ഞ ദിവസം ചാവക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈ മാറിയതിന് പിന്നാലെയാണ് ജസ്റ്റിൻ കീഴടങ്ങിയത്. സംഭവം നടന്ന് നാലു മാസത്തിന് ശേഷമാണ് ഇയാൾ ഒടുവിൽ കോടതിയിൽ എത്തി കീഴടങ്ങിയിരിക്കുന്നത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ ഒളിച്ച് കളിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ അറസ്റ്റ്.
ഇയാളെ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.ഓഗസ്റ്റ് 25 ന് തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ആന്‍ലിയായെ കാണാതായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ആലുവയില്‍ പെരിയാറിന്‍റെ തീരത്ത് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആന്‍ലിയായുടെ പിതാവ് ഫോര്‍ട്ടുകൊച്ചി സ്വദേശി ഹൈജിനാസ് കൊലപാതക കുറ്റമാണ് ജസ്റ്റിനെതിരെ ആരോപിച്ചത്. തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് ഇദ്ദേഹം പരാതിയും നല്‍കി.അന്വേഷണത്തില്‍ ആന്‍ലിയായുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ജസ്റ്റിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം എന്നിവ ചുമത്തി കേസെടുത്തതോടെയാണ് ഇയാൾ കീഴടങ്ങിയിരിക്കുന്നത്.
എന്നാൽ മകളെ ജസ്റ്റിൻ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബം ഇപ്പോഴും.