തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു; കോൺഗ്രസ്സും ജെ.ഡി.എസും തമ്മിലടി തുടങ്ങി
സ്വന്തം ലേഖകൻ
ബാംഗ്ലൂർ : തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു. ഓഗസ്റ്റ് 29 ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഖ്യസർക്കാരിന്റെ നിലനിൽപ്. ഇതിനു മുൻപ് ഇരു പാർട്ടികളുടെയും സഖ്യ സർക്കാരുകൾ കർണാടകയിൽ ഭരണം നടത്തിയിരുന്നപ്പോഴും പ്രാദേശിക തിരഞ്ഞെടുപ്പിൽ വെവ്വേറെയായിരുന്നു മൽസരമെന്നും പ്രാദേശിക തലത്തിൽ പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണു തീരുമാനമെന്നുമാണ് നേതാക്കളുടെ വിശദീകരണം. 29 മുനിസിപ്പാലിറ്റികളിലെ 927 വാർഡുകളിലും 51 ടൗൺ മുനിസിപ്പാലിറ്റികളിലെ 1,247 വാർഡുകളിലും 23 ടൗൺ പഞ്ചായത്തുകളിലെ 400 വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്. ബാക്കിയുള്ള 105 ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പിന്നീടു നടത്തും. ഇരുപാർട്ടികളും ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പ്രവർത്തകർ ബിജെപിയിലേക്കു പോകാൻ സാധ്യതയുണ്ടെന്നും പാർട്ടി നേതൃത്വങ്ങൾ ഭയപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിഷയത്തിൽ തീരുമാനം ജില്ലാ നേതൃത്വങ്ങൾക്ക് വിട്ടിരിക്കുകയാണെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടാമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങൾക്കും തത്വങ്ങൾക്കും അവിടെ പ്രാധാന്യമില്ല. കോൺഗ്രസിനും ജെഡിഎസിനും ശക്തമായ സ്വാധീനം പ്രാദേശിക തലത്തിലുണ്ട്. ചിലയിടങ്ങളിൽ സീറ്റ് പങ്കുവച്ചാലും ഞങ്ങൾക്ക് അതിൽ യാതൊരു എതിർപ്പുമില്ല. ബിജെപി അല്ലാതെ ഏതു പാർട്ടികളുമായും ഞങ്ങൾക്ക് ധാരണകളുണ്ടാക്കാനാകുമെന്ന് ഗുണ്ടുറാവു വ്യക്തമാക്കി.