ബം​ഗളൂരുവിൽ അറുപതുകാരൻ കിടപ്പുരോ​ഗിയായ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ; കഷ്ടപ്പാട് കണ്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയത് പൊലീസിന് മൊഴി നല്കി

Spread the love

ബാം​ഗ്ലൂർ: അറുപതുകാരൻ കിടപ്പുരോ​ഗിയായ ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്ച സൗത്ത് ബം​ഗളൂരുവിലാണ് ആറുപതുകാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാൻ കഴിയാത്തതിനാലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.

ഇയാൾ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് കൊലപാതകം നടന്നത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോ​ഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തിൽ കണ്ട 11 വയസുകാരനായ മകൻ ബഹളം വച്ചതിനെ തുടർന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.

വടക്കൻ കർണാടകയിലെ വിജയപുര സ്വദേശികളാണ് ദമ്പതികൾ. മകൾക്കും മകനും മരുമകനുമൊപ്പം നിർമ്മാണത്തിലിരിക്കുന്ന അപാർട്‍മെന്റിലാണ് ഇവർ താമസിക്കുന്നത്. ശങ്കരപ്പയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷമായി ശിവമ്മ മുഴുവനായും കിടപ്പിലാണ്. ഭക്ഷണം കഴിക്കാനടക്കം എല്ലാത്തിനും മറ്റൊരാളുടെ സഹായം വേണം വിവാഹിതയായ മകളാണ് അമ്മയെ പരിചരിക്കുന്നത്. തൂക്കമടക്കം കുറഞ്ഞ് വളരെ മോശം അവസ്ഥയിലായിരുന്നു ശിവമ്മ.

ശങ്കരപ്പ പൊലീസിനോട് പറഞ്ഞത്, അങ്ങനെയെങ്കിലും അവളുടെ കഷ്ടപ്പാട് അവസാനിക്കുമല്ലോ എന്ന് കരുതിയാണ് താൻ ഭാര്യയെ കൊന്നത് എന്നാണ്. ഞായറാഴ്ച ഇവരുടെ മകളും മരുമകനും ജോലിക്ക് പോയി. ശങ്കരപ്പയായിരുന്നു ഭാര്യയെ നോക്കിയിരുന്നത്. മകൻ അടുത്തുള്ള കടയിൽ ബണ്ണ് വാങ്ങാൻ പോയി. 12.30 ഓടെ തിരികെ എത്തിയപ്പോൾ അച്ഛനെ കണ്ടു. അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ കണ്ടില്ല എന്ന് പറയുകയും ഇയാൾ ഇവിടെ നിന്നും പോവുകയും ചെയ്തു.

മകന് സംശയം തോന്നിയതിനെ തുടർന്ന് അവൻ താഴേക്ക് പോയി നോക്കുകയും അമ്മയെ വെള്ളത്തിൽ കിടക്കുന്നത് കാണുകയും ചെയ്തു. ഉടനെ തന്നെ അവൻ ആളുകളെ സഹായത്തിന് വിളിച്ചു. അവർ അവളെ പുറത്തെടുത്ത് ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ശിവമ്മ മരിച്ചിരുന്നു.