
ത്സാൻസി: പന്ത്രണ്ടുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സഹില്‍ യാദവ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാലന്റെ സ്വകാര്യ ഭാഗങ്ങളും അറുത്തുമാറ്റിയ നിലയിലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ക്രൂരകൊലപാതകം എന്നാണ് റിപ്പോർട്ട്.
സഹിലിനെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായിരുന്നു. പരിസര പ്രദേശങ്ങളിലും കുട്ടി എത്താൻ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം വീട്ടുകാരും ബന്ധുക്കളും തിരഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് ഫാം ഹൗസിനോട് ചേർന്നുള്ള വൈക്കോല്‍പ്പുരയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകർത്ത് ഫൊറൻസിക് സംഘം ഉള്ളില്‍ കടന്നതും രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലും സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച നിലയിലുമായിരുന്നു മൃതദേഹം.
സംഭവത്തില്‍ കുട്ടിയുടെ പിതാവിൻറെ സഹോദരൻ അവതാറിനും ഭാര്യ മഞ്ജുവിനുമെതിരെ കുടുംബം പരാതി നല്‍കി. എന്നാല്‍ കൊലപാതകത്തിൻറെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുറി ഫൊറൻസിക് സംഘം സീല്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഉടൻ തന്നെ കണ്ടെത്താനാകുമെന്ന് പൊലീസ് അറിയിച്ചു.

