നാടന്‍ ആനയുടെ ഭംഗിയും, പത്ത് അടിയോടടുത്ത ഉയരവും; ആനപ്രേമികളുടെ മനം കവര്‍ന്ന കൊമ്പില്ലാ കൊമ്പൻ ബാലകൃഷ്ണന്‍ ഇനി ഫൈബര്‍ കൊമ്പിന്റെ തലയെടുപ്പില്‍; ഗുരുവായൂര്‍ ആനക്കോട്ടയിലെ താരങ്ങളായി ബാലേട്ടനും ലാലേട്ടനും….

Spread the love

സ്വന്തം ലേഖിക

തൃശൂര: നാടന്‍ ആനയുടെ ഭംഗിയും, 10 അടിയോടടുത്ത ഉയരവും, നല്ല തലയെടുപ്പും ബാലകൃഷ്ണന്റെ സവിശേഷതകൾ ഇവിടം കൊണ്ട് തീരുന്നില്ല.

ഗുരുവായൂരപ്പന്റെ ഗജനിരയില്‍ ഉയരക്കേമനാണ് ആനപ്രേമികള്‍ ബാലേട്ടന്‍ എന്ന് വിളിക്കുന്ന ബാലകൃഷ്ണന്‍.
1975ല്‍ ജനിച്ച ബാലനെ 1976 ല്‍ ഗുരുവായൂരപ്പന് നടയിരുത്തി. ആദ്യകാലങ്ങളില്‍ കുപ്പിപാലും മറ്റും കൊടുത്താണ് അവനെ പരിപാലിച്ചിരുന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ കളിച്ച്‌ നടന്നിരുന്ന കുട്ടി ബാലന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ അവന്റെ അതിശയിപ്പിക്കുന്ന ശരീരവളര്‍ച്ചയ്‌ക്ക് അനുസരിച്ച്‌ കൊമ്പ് വളരാതിരുന്നപ്പോഴാണ് കൊമ്പില്ലാ കൊമ്പന്‍ എന്ന് വിശേഷിപ്പിക്കുന്ന മോഴ ഇനത്തില്‍ പെടുന്നവനാണ് ബാലകൃഷ്ണന്‍ എന്ന സത്യം വേദനയോടെ എല്ലാവരും മനസിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊമ്പന്മാര്‍ക്കും പിടിയാനകള്‍ക്കും ഉത്സവപറമ്പില്‍ ആവശ്യക്കാര്‍ ഒരുപാട് ഉണ്ടെങ്കിലും മോഴ ആനകളെ ആദ്യകാലങ്ങളില്‍ എഴുന്നള്ളിക്കാന്‍ ആരും അധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഗുരുവായൂര്‍ പത്മനാഭന്‍, വലിയകേശവന്‍ എന്നിങ്ങനെ ഗുരുവായൂരില്‍ തലയെടുപ്പുള്ള കൊമ്പന്മാര്‍ നാടെങ്ങും ആരാധകരെ സൃഷ്ടിച്ചപ്പോള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ ബാലകൃഷ്ണനും വളര്‍ന്നു.

ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മോഴ ആനകളില്‍ ഏറ്റവും ഉയരം കൂടിയ ആനയാണ് ബാലകൃഷ്ണന്‍. നാട്ടില്‍ പ്രസവിച്ച നാടന്‍ ആന എന്ന പ്രത്യേകതയും ബാലകൃഷ്ണനുണ്ട്. എന്നാല്‍ ഇത്രയേറെ സവിശേഷതകള്‍ ഉണ്ടെങ്കിലും മോഴ ആയതുകൊണ്ട് പലരും എഴുന്നെള്ളിപ്പിനും മറ്റ് പരിപാടികള്‍ക്കും ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചിരുന്നു.

ആനക്കാരനാവണം എന്ന വാശിയില്‍ കിട്ടിയ വൈറ്റ് കോളര്‍ ജോലികള്‍ വേണ്ടെന്നുവെച്ച്‌ ഗജപരിപാലനത്തിലേക്ക് ഇറങ്ങി തിരിച്ച സുമലാല്‍ എന്ന ആനക്കാരന്‍ 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാലകൃഷ്ണന്റെ ചുമതല ഏല്‍ക്കുന്നത്. ചിട്ടയായ പരിശീലനവും , ശ്രദ്ധയോട് കൂടിയ പരിപാലനവും അതിനോടൊപ്പം ഫൈബര്‍ കൊമ്പ് വെക്കാം എന്ന സുമലാലിന്റെ ആശയവും ഒത്തുചേര്‍ന്നപ്പോള്‍ ഗുരുവായൂര്‍ ഗജനിരയിലെ താരസൂര്യനായി അവന്‍ മാറി. ആനപ്രേമികള്‍ ബാലകൃഷ്ണനെ നെഞ്ചിലേറ്റി ആരാധിക്കാന്‍ തുടങ്ങി.

മോഴ ആനകള്‍ക്ക് ഉളള തെറ്റ എന്ന് വിളിക്കുന്ന ചെറിയ കൊമ്പില്‍ കനം കുറഞ്ഞ ഫൈബര്‍ കൊമ്പ് വെച്ച്‌ കാണുമ്പോള്‍ ബാലകൃഷ്ണന്‍ സര്‍വ്വ ലക്ഷണവും തികഞ്ഞ ഗജരാജനാണ്. ഇങ്ങനെ ഒരു ആശയം മനസ്സില്‍ തോന്നിയതോടെ സുമലാല്‍ അത് മള്ളിയൂര്‍ ആനപ്രേമിസംഘത്തിന്റെ ഭാരവാഹിയായ ബിബിന്‍ ബി സി യുമായി പങ്കുവെച്ചു. തുടര്‍ന്ന്, വിപിന്‍ ചക്കുമരശേരി എന്ന കലാകാരനെ കൊണ്ട് ബാലകൃഷ്ണന് ചേര്‍ന്ന 2 ഫൈബര്‍ കൊമ്പ് നിര്‍മിച്ച്‌ മള്ളിയൂര്‍ ആനപ്രേമി സംഘത്തിന്റെ പേരില്‍ ബാലകൃഷ്ണന് നല്‍കി.

ഫൈബര്‍ കൊമ്പിന്റെ ഗാംഭീര്യത്തില്‍ പുറത്തുവന്ന ബാലകൃഷ്ണന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയി. കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ക്ഷേത്രങ്ങളില്‍ നിന്നും എഴുന്നെള്ളിപ്പിനായി ഇപ്പോള്‍ ബാലകൃഷ്ണനെ അന്വേഷിച്ച്‌ ആനപ്രേമികള്‍ വരുന്നുണ്ട്.
ആനപ്രേമികളുടെ ആവശ്യപ്രകാരം ഇത്തവണ വടക്കുംനാഥന്‍ ആനയൂട്ടിനും ബാലകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നു. ആരും ശ്രദ്ധിക്കാതിരുന്ന ആനക്കോട്ടയിലെ ബാലേട്ടന്‍ അങ്ങനെ പതിയെ താരമായി ഉയര്‍ന്നു. ഒപ്പം അവനെ ശ്രദ്ധേയനാക്കിയ സുമലാല്‍ എന്ന ലാലേട്ടനും. വിളക്ക് എഴുന്നെള്ളിപ്പിനായി ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നാല്‍ ബാലകൃഷ്ണനെ കാണാന്‍ വേണ്ടി മാത്രം ജനങ്ങള്‍ തടിച്ചുകൂടുന്നതും ഗുരുവായൂരിലെ പതിവ് കാഴ്ചയാണ്.