പാതിവഴിയിൽ നിലച്ച ബാലുവിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ ലക്ഷ്മി ഒരുങ്ങുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ ബാലുവിന്റെ പാതിവഴിയിൽ നിലച്ച സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്മി. ബാലഭാസ്‌കറിന്റെ പാതിവഴിക്ക് നിന്നുപോയ സംഗീത ആൽബങ്ങൾ പുറത്തിറക്കണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി അതിജീവനത്തിന്റെ പാതയിലാണ്.
ഈയടുത്ത് ബാലഭാസ്‌കർ പണികഴിപ്പിച്ച വീട്ടിലാണിപ്പോൾ ലക്ഷ്മിയുള്ളത്. അമ്മയും നഴ്സും ഒപ്പമുണ്ട്. കൈത്താങ്ങായി അടുത്ത സുഹൃത്തുക്കളുമുണ്ട്. എഴുന്നേറ്റ് നടക്കാൻ ഇനിയും ആറേഴ്മാസം വേണ്ടിവരും. വീൽചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടർന്ന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയിരുന്നു. അപകടം നടക്കുമ്പോൾ ഡ്രൈവർ അർജുൻ ആണ് വാഹനമോടിച്ചത് എന്നാണ് ലക്ഷ്മിയുടെ മൊഴി. അതേസമയം ബാലഭാസ്‌കർ ആണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അർജുന്റെ മൊഴി.
അപകടമരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ഡിജിപി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.