‘ബാലകൃഷ്ണപിളളയല്ല, താനാണ് ആ എംഎൽഎ’ ; വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി തോമസ് സ്പീക്കർക്ക് കത്ത് നല്കി
സ്വന്തംലേഖകൻ
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം താനാണോ ആർ ബാലകൃഷ്ണപിള്ളയാണോ എന്ന കാര്യത്തിൽ വ്യക്തത തേടി മാത്യു ടി തോമസ് സ്പീക്കർ പി ശ്രീരാമകൃഷ്ണന് കത്തയച്ചു. നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധികരിച്ച സപ്ലിമെന്റിൽ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ് മാത്യു ടി തോമസ് വ്യക്തമാക്കുന്നത്.എന്നാൽ നിയമസഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച ഒന്നുമുതൽ 14 വരെ സഭകളുടെ ഹൂ ഈസ് ഹൂ പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ അംഗമായി രേഖപ്പെടുത്തിയിരുന്നത് ആർ ബാലകൃഷ്ണപിള്ളയെ ആയിരുന്നു. ഇതോടെയാണ് കത്ത് നൽകിയത്.1934 ഏപ്രിൽ ഏഴിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനത്തീയതിയെന്നും 1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവിൽ വരുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 25 വയസ്സും 10.5 മാസവും ആയിരിക്കണം. 1961 സെപ്തംബർ 27 ആണ് തന്റെ ജനനത്തീയതി. താൻ ആദ്യമായി തെരഞ്ഞടുക്കപ്പെട്ട എട്ടാം നിയമസഭ നിലവിൽ വന്നത് 1987 മാർച്ച് 25നാണെന്നും രേഖകൾ പരിശോധിച്ച് തെറ്റ് തിരുത്തണമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.