
അസ്താന: 184 ദിവസങ്ങള്‍ക്കൊടുവില്‍ റഷ്യൻ പേടകത്തില്‍ ഭൂമിയില്‍ കാലുകുത്തി മുതിർന്ന നാസ ബഹിരാകാശ പര്യവേക്ഷക ട്രേസി സി ഡൈസൻ.
‘സോയസ്’ ബഹിരാകാശ പേടകത്തിലാണ് റഷ്യൻ പര്യവേക്ഷകർക്കൊപ്പം ട്രേസി തിരിച്ചെത്തിയത്.
ആറു മാസത്തിലേറെ നീണ്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്‌എസ്) പര്യവേക്ഷണം പൂർത്തിയാക്കിയാണ് ഇവർ കസഖ്‌സ്താനിലെ ഷെസ്‌കസ്ഗാനില്‍ ഇറങ്ങിയത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിലെ നിക്കോളായ് ചബ്, ഒലെഗ് കൊനോനെങ്കോ എന്നിവരാണ് ട്രേസിക്കൊപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് റഷ്യൻ പേടകമായ സോയസ് എംഎസ്-25ല്‍ ഇവർ ഭൂമിയില്‍ കാലുകുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാർച്ച് 23നാണ് സോയസ് പേടകത്തില്‍ ട്രേസി ഡൈസൻ റോസ്‌കോസ്‌മോസ് സഞ്ചാരി ഒലെഗ് നോവിറ്റ്‌സ്‌കിയ്ക്കും ബെലാറസ് ബഹിരാകാശ പര്യവേക്ഷക മരീന വാസിലെവ്‌സ്‌കായയ്ക്കുമൊപ്പം ഐഎസ്‌എസിലേക്ക് പുറപ്പെട്ടത്.
മാർച്ച് 25ന് ഇവർ നിലയത്തില്‍ ഇറങ്ങി. ഒലെഗും മരീനയും ഏപ്രിലില്‍ തന്നെ ഭൂമിയിലേക്കു മടങ്ങിയപ്പോള്‍ ട്രേസി നിലയത്തില്‍ തുടർന്നു. ഇവർക്കും മാസങ്ങള്‍ മുൻപ് നിലയത്തിലെത്തി
374 ദിവസമെന്ന പുതിയ റെക്കോർഡ് കുറിച്ച റഷ്യൻ പര്യവേക്ഷകർ നിക്കോളായ് ചബിനും ഒലെഗ് കൊനോനെങ്കോയ്ക്കുമൊപ്പമാണ് ഒടുവില്‍ ട്രേസി മടങ്ങിയത്.
പാരച്യൂട്ടില്‍ കസഖ്‌സ്താനിലെ ഷെസ്‌കസ്ഗാനില്‍ ഇറങ്ങിയ ബഹിരാകാശ പര്യവേക്ഷകരെ ഉടൻ ഹെലികോപ്ടറില്‍ മറ്റൊരു നഗരമായ കരഗണ്ടയിലെത്തിച്ചു. പിന്നീട് നാസ വിമാനത്തില്‍ ട്രേസി
ഹൂസ്റ്റണിലേക്കും റഷ്യൻ വിമാനത്തില്‍ ചബും കൊനോനെങ്കോയും മോസ്‌കോയിലേക്കും തിരിക്കുകയായിരുന്നു.