പിണറായി പരനാറി: നായിന്റെ മോനെ പൊലീസെ: നാമം ജപിക്കേണ്ട നാവിൽ വരുന്നത് കേട്ടാലറയ്ക്കുന്ന പൂരത്തെറി; അയ്യപ്പനുവേണ്ടി പൂരപ്പാട്ടുമായി ‘ഭക്തർ’ തെരുവിൽ
സ്വന്തം ലേഖകൻ
കോട്ടയം: പിണറായി പരനാറി, നായിന്റെ മോനേ പൊലീസേ..! ഈ മുദ്രാവാക്യങ്ങൾ ഏതെങ്കിലും മദ്യപാനികളോ സാമൂഹ്യ വിരുദ്ധരോ ഉയർത്തുന്നതല്ല. ശബരിമലയിലെ അയ്യപ്പനെ സംരക്ഷിക്കാനെന്ന പേരിൽ തെരുവിലിറങ്ങുന്ന കുലസ്ത്രീകളും ഭക്തരുമാണ് അയ്യപ്പനു വേണ്ടി പൊലീസിനെയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും അസഭ്യത്തിൽ മുക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ച സ്ത്രീകൾ പോലും അസഭ്യ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ, ഏറ്റുവിളിക്കുന്നതിൽ പിഞ്ചു കുഞ്ഞുങ്ങൾ പോലുമുണ്ട്. സംസ്‌കാരത്തിനും, വിശ്വാസത്തിനും വേണ്ടി തെരുവിലിറങ്ങിയവരാണ് യാതൊരു സംസ്‌കാരവും ഇല്ലാത്തവർ പ്രയോഗിക്കുന്ന തെറിവാക്കുകൾ പൊതുജനമധ്യത്തിൽ ഏറ്റുവിളിക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിഷത്തിൽ ആദ്യം മുതൽ തന്നെ തെരുവിൽ മുഴങ്ങിയിരുന്നത് നാമജപമായിരുന്നു. ഇതേ തുടർന്നാണ് സ്ത്രീകളും അമ്മമാരും അടക്കമുള്ളവർ തെരുവിലേയ്ക്ക് ഇറങ്ങിയതും.
എന്നാൽ, രണ്ടു യുവതികൾ മല കയറി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് നാമജപം തെറിവിളിയിലേയ്ക്ക് മാറിയത്. യുവതി പ്രവേശനം സാധ്യമായതിനു ശേഷം തെരുവിലിറങ്ങിയ പ്രതിഷേധക്കാർ മുഴക്കിയത് കട്ടത്തെറിയായിരുന്നു. പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇവരുടെ തെറിയുടെ ഇര. മുഖ്യമന്ത്രിയുടെ പേരെടുത്തും, ജാതിയെടുത്തു പറഞ്ഞു ഇവർ തെറിവിളി നടത്തിക്കൊണ്ടിരുന്നു.
സ്ത്രീകളും അമ്മമാരും അടക്കമുള്ളവർ നോക്കി നിൽക്കെയാണ് പരസ്യമായി പ്രതിഷേധക്കാർ അസഭ്യം മുഴക്കിയത്. പ്രതിഷേധങ്ങൾക്കിടെ സ്വാമി ശരണം മാത്രം മുഴക്കണമെന്ന നിർദേശമെല്ലാം മറികടന്നാണ് ഇപ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറി മുഴക്കുന്നത്. ഹർത്താൽ ദിനത്തിൽ കാസർകോട്ട് നടത്തിയ പ്രകടനത്തിൽ പതിനാറുകാരിയായ പെൺകുട്ടി അസഭ്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബാക്കിയായ പിൻതുണ കൂടി സംഘപരിവാറിനും ബിജെപിയ്ക്കും ഇല്ലാതാക്കുന്ന രീതിയിലാണ് പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ അസഭ്യത്തിലേയ്ക്കു നീങ്ങുന്നത്. ഇത് നിലവിലുള്ള ജനപിൻതുണ കൂടി ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ എന്നതാണ് വാദം.