play-sharp-fill
കുഞ്ഞുങ്ങളോട് ഈ ക്രൂരത എന്തിന് ? മാരകരോഗങ്ങൾക്കെതിരെയുള്ള വാക്‌സിനുകൾ പലകുട്ടികളിലും എടുക്കുന്നില്ല

കുഞ്ഞുങ്ങളോട് ഈ ക്രൂരത എന്തിന് ? മാരകരോഗങ്ങൾക്കെതിരെയുള്ള വാക്‌സിനുകൾ പലകുട്ടികളിലും എടുക്കുന്നില്ല

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ശരാശരി 10 ശതാനം പേർ മാരക രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പുകൾക്ക് വിധേയരാവുന്നില്ല. മാതാപിതാക്കൾ കാട്ടുന്ന വിമുഖത തന്നെ കാരണം. ഡിഫ്തീരിയയും ഹീമോഫീലിയയും അടക്കമുള്ള മാരകരോഗങ്ങളുടെ തിരിച്ചുവരവിന് കളമൊരുക്കുകയാണ് ഇതിലൂടെ.

ഒരു വയസിൽ താഴെ നിർബന്ധമായും എടുക്കേണ്ട പെന്റാവാലന്റ് വാക്സിൻ, മീസിൽസ് വാക്സിൻ എന്നീ പ്രതിരോധ കുത്തിവയ്പുകളെടുക്കാത്ത കുട്ടികളുടെ എണ്ണം ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലേറെ വരും. 2017ൽ ജനിച്ചവരിൽ 32,904 കുട്ടികൾ വാക്‌സിന് വിധേയരായില്ല. 2018ൽ അത് 38,282ലേക്ക് വർദ്ധിച്ചു. 2019ലെ കണക്കുകൾ ശേഖരിച്ചു വരുകയാണ്. മുൻ വർഷത്തേതിലും കൂടുമെന്നാണ് അനുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 വാക്സിനുകൾ 5 തവണ
ഒരു വയസിനിടെ അഞ്ച് തവണയാണ് വാക്സിനുകൾ കുട്ടികൾക്ക് നൽകേണ്ടത്.

ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ബി.സി.ജി വാക്സിൻ, തൊണ്ടമുള്ള് (ഡിഫ്തീരിയ), വില്ലൻചുമ, ടെറ്റനസ്, ഹീമോഫീലിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ അഞ്ച് രോഗങ്ങൾ തടയുന്നതിനുള്ള പെന്റാ വാലന്റ് വാക്സിൻ, അഞ്ചാം പനിക്കെതിരെയുള്ള മീസിൽസ് വാക്സിൻ എന്നിവയാണിവ. ഇതിൽ പെന്റാവാലന്റ് മൂന്നു ഘട്ടങ്ങളായാണ് നൽകേണ്ടത്. മീസിൽസ് വാക്സിൻ രണ്ട് ഘട്ടമായും. എന്നാൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് വാക്സിനെടുത്തത് 91.23 ശതമാനം കുട്ടികൾ മാത്രം. 2017ൽ 92.83 ശതമാനം പേരും.

മലപ്പുറത്ത് വിമുഖത

കുത്തിവയ്‌പെടുക്കാത്തതിൽ കൂടുതൽ കുട്ടികൾ മലപ്പുറത്താണ്. 2017ൽ ജില്ലയിൽ 88,481 കുട്ടികൾ ജനിച്ചതിൽ കുത്തിവയ്‌പെടുത്തത് 77,648 പേർ. 2019ൽ 86,498 കുട്ടികളിൽ 74,257 പേരും.

രണ്ടു വയസിന് മുൻപ് നൽകേണ്ട കുത്തിവയ്‌പെടുത്തില്ലെങ്കിൽ അഞ്ചുവയസിൽ ഡി.ടി.പി വാക്സിൻ നൽകി രോഗങ്ങളെ ചെറുക്കാം. ഇതും ചെയ്യാത്തവരിലാണ് അസുഖങ്ങൾ തിരിച്ചെത്തുന്നത്. അഞ്ച് വയസിന് മുകളിലുള്ളവർക്ക് ഡിഫ്തീരിയ കണ്ടെത്തിയാൽ ടെറ്റനസും ഡിഫ്തീരിയയും ചെറുക്കുന്നതിനുള്ള ടി.ഡി വാക്സിനാണ് ഇപ്പോൾ നൽകുന്നത്.

2018ലെ കണക്കുകൾ

(ജില്ല, കുട്ടികളുടെ എണ്ണം, വാക്‌സിനെടുത്ത കുട്ടികളുടെ എണ്ണം)

തിരുവനന്തപുരം – 34,718 – 32,225

കൊല്ലം – 29,410 – 26,512

പത്തനംതിട്ട – 11,131 – 10,940

ആലപ്പുഴ – 21,260 – 20,184

കോട്ടയം – 17, 908 – 16,696

ഇടുക്കി – 12,155 – 10,732

എറണാകുളം – 33,407 – 31,498

തൃശൂർ – 36,433 – 34,791

പാലക്കാട് – 38,304 – 35,110

മലപ്പുറം – 86, 493 – 74,257

കോഴിക്കോട് – 44,202 – 39,929

വയനാട് – 12,299 – 11, 591

കണ്ണൂർ – 36,484 – 33,123

കാസർകോട് – 22,128 – 20,462.

ബോധവത്കരണം നടത്തുന്നുണ്ട്. പലയിടങ്ങളിലും വിദ്യാസമ്പന്നരായ രക്ഷിതാക്കളാണ് വാക്‌സിനോട് മുഖം തിരിക്കുന്നത്.

ഡോ. വി.ആർ. രാജു

ആരോഗ്യവകുപ്പ് അഡി. ഡയറക്ടർ