ശ്വാസം മുട്ടലിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച ഒന്നരവയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും; കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശ്വാസം മുട്ടലിനെത്തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആവിയെടുത്തതായും മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടിലെത്തി പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തി. മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൻ നാട്ടുകാർ പ്രതിഷേധിച്ചു.
നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.