സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു മാതാവ് കൊലപ്പെടുത്തി.മാതാവ് അറസ്റ്റിൽ. അഞ്ചു തെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അഞ്ചുതെങ്ങിൽ കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കടൽതീരത്തു കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് പൊലീസ് അമ്മയെ അറസ്റ്റു ചെയ്തത്.
പ്രസവിച്ചയുടൻ അഞ്ചുതെങ്ങ് സ്വദേശി ജൂലി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ട ജഡം നായ്ക്കൾ കടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് നവജാതശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കൾ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ എല്ലാ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോൾ സമീപ സമയത്ത് അവർ പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു.
പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശുചിമുറിയുടെ സമീപത്തു മറവ് ചെയ്തതായി ജൂലി പൊലീസിന് മൊഴി നൽകി. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു. ഇവർക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതുൾപ്പെടെ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.