
കറുകച്ചാല്‍: ആ അമ്മയുടെ കണ്ണുനീര് ഇന്നും മനസിൽ നിന്ന് മായുന്നില്ല. മകന്റെ ജീവൻ രക്ഷിക്കാൻ എ പോസിറ്റീവ് രക്തം തേടിയലഞ്ഞ ഒരമ്മയുടെ കണ്ണൂനീരാണ്എന്നെ രക്തദാതാവാക്കിയതെന്ന് കറുകച്ചാലുകാരുടെ സ്വന്തം ബാബുക്കുട്ടൻ. കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് കരളലിയിക്കുന്ന ആ കാഴ്ച കണ്ടത്. ആരും രക്തം കൊടുക്കാൻ തയാറായില്ല.
പലരും ഒഴിഞ്ഞു മാറിയപ്പോള്‍ ബാബുക്കുട്ടന് കണ്ടുനില്‍ക്കാനായില്ല. ഓപ്പറേഷന് ആവശ്യമായ രക്തംനല്‍കി സന്തോഷത്തോടെ ആശുപത്രിയില്‍ നിന്നിറങ്ങി.
17 വർഷം മുൻപാണ് സംഭവം.
സഹജീവികളെ സഹായിക്കാൻ പണമോ സമ്പത്തോ എനിക്കില്ല. ആകെയുള്ളത് എന്റെ രക്തമാണ്. അത് എനിക്ക് ആരോഗ്യമുള്ളത്രകാലം ഞാൻ കൊടുക്കും.
എന്നിലൂടെ ഒരു ജീവൻ നിലനിർത്താൻ കഴിഞ്ഞാല്‍ അതില്‍പരം സന്തോഷം വേറെയില്ല’- കറുകച്ചാലിന്റെ സ്വന്തം ബാബുക്കുട്ടൻ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 34 വർഷമായി കറുകച്ചാല്‍ ബസ് സ്റ്റാൻഡിലെ അനൗണ്‍സറാണ് സൗത്ത് പാമ്പാടി കുറ്റിക്കൽ സ്വദേശിയായ ബാബുക്കുട്ടൻ എന്ന മാത്യു ജേക്കബ് (47). കഴിഞ്ഞ 17 വർഷത്തിനിടയില്‍ 55 പേർക്കാണ് ഇദ്ദേഹം രക്തംനല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം 30-ലധികം രോഗികള്‍ക്ക് രക്തം നല്‍കിയ ബാബുക്കുട്ടനെ രക്തദാനദിനത്തില്‍ ആദരിക്കുകയുംചെയ്തു. ഒട്ടേറെപ്പേർക്ക് പുതുജീവനേകാൻ കഴിഞ്ഞതില്‍ സംതൃപ്തനാണ് ഇദ്ദേഹം.
തന്റെ രക്തംകൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കില്‍ അതില്‍പരം നന്മ മറ്റൊന്നില്ലെന്ന് ബാബുക്കുട്ടൻ തിരിച്ചറിഞ്ഞു. അന്ന് മുതല്‍ രക്തദാനം തുടങ്ങി. ഇപ്പോള്‍ മൂന്ന് മാസത്തിലൊരിക്കല്‍ കൃത്യമായി രക്തം ദാനംചെയ്യും. വർഷത്തില്‍ നാലുപേർക്ക് രക്തം കൊടുക്കും.
ബസ് സ്റ്റാൻഡിലെ മൂന്നര പതിറ്റാണ്ട് നീണ്ട ജീവിതം ലക്ഷക്കണക്കിന് ആളുകളുമായുള്ള ഇടപെടല്‍ ഇതെല്ലാം ബാബുക്കുട്ടനെ തികഞ്ഞ മനുഷ്യസ്നേഹിയാക്കി. ബസ് സ്റ്റാൻഡിലെത്തുന്ന ആളുകള്‍ക്ക് ചോദിക്കാനും പറയാനും രാവിലെ മുതല്‍ രാത്രി വരെ ബാബുക്കുട്ടനുണ്ടാകും. ഇതിനിടയില്‍ രക്തം ആവശ്യമുള്ളവർക്ക് ബാബുക്കുട്ടനെ ബന്ധപ്പെടാം. ഗ്രൂപ്പ് ഏതായാലും ബാബുക്കുട്ടൻ വിചാരിച്ചാല്‍ രക്തം തരാൻ ഒരുപാട് പേർ വരും. ഭാര്യ: സന്ധ്യ. മക്കള്‍: സെയ്ത്, കൃപ. ബാബു ക്കുട്ടന്റെവാട്സ് ആപ്പ് നമ്പർ:
9846035046