ഒറ്റ തീപ്പെട്ടിക്കൊള്ളി കൊണ്ട് ഏത് പൂട്ടും പൊളിക്കും ബാബു: ജയിലിൽ നിന്നിറങ്ങി രണ്ടാഴ്ചയ്ക്കിടെ ബാബു വീണ്ടും അകത്തായി; കുറവിലങ്ങാട്ട് പിടിയിലായത് നൂറിലേറെ കേസുകളിലെ പ്രതി
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: ഒറ്റ തീപ്പെട്ടിക്കൊള്ളി മതി ബാബുവിന് ഏത് പൂട്ടും പൊളിക്കാൻ. അമ്പലങ്ങളുടെ കാണിക്കവഞ്ചികൾ ബാബുവിന് എന്നും വീക്ക്നെസാണ്. തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കിൽ ബാബു ഏത് കാണിക്കവഞ്ചിയും നിഷ്പ്രയാസം തുറക്കും.
നൂറിലേറെ കേസുകളിൽ പ്രതിയായ കൊല്ലം പാരിപ്പിള്ളി നന്ദുഭവന്‍ ബാബു (തീവെട്ടി ബാബു57)വാണു പൊലീസ് പട്രോളിങ്ങിനിടെ മരങ്ങാട്ടുപിള്ളിയില്‍ പിടിയിലായത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടിക്കമ്പ് ഉപയോഗിച്ചു കുത്തിത്തുറന്ന് മോഷണം നടത്തുന്ന രീതിയാണ് തീവെട്ടി ബാബു പേരിനു പിന്നില്‍. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായിട്ടുണ്ട്. മോഷണമുതല്‍ വില്‍ക്കാന്‍ ഭാര്യ സഹായിക്കാറുണ്ടെന്നും മകന്‍ മകന്‍ നന്ദുവും പിടിച്ചുപറി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് ബാബു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ എസ്‌ബിഐ പരിസരത്തു നിന്ന് എസ്‌എച്ച്‌ഒ എസ്.രാജേഷ്, എഎസ്‌ഐ വി എം. ജയ്‌മോന്‍, സിപിഒ ഷാജി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ബാബു മൂന്നു പതിറ്റാണ്ട് മുന്‍പ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ വക്കീല്‍ ഗുമസ്തനായിരുന്നു. അവിടെ നിന്നായിരുന്നു മോഷണത്തിന്റെ ബാല പാഠങ്ങള്‍ തുടങ്ങുന്നത്. പിന്നീട് അതു തന്നെ തൊഴിലാക്കുകയായിരുന്നു. പലപ്പോഴും പിടിക്കപ്പെടുമ്പോള്‍ കേസ് സ്വന്തമായാണ് വാദിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാര്‍ ഉപദ്രവിച്ചെന്നു കോടതിയില്‍ പരാതി പറയും. സ്വന്തം ശരീരത്തില്‍ മുറിവേല്‍പിക്കാനും മടിയില്ല. അങ്ങനെയാണ് ശിക്ഷയില്‍ ഇളവു നേടിയിരുന്നത്.
മരങ്ങാട്ടുപിള്ളി സ്റ്റേഷന്‍ എസ്‌എച്ച്‌ഒ രാജേഷ് ആറ്റിങ്ങല്‍ സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന കാലത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങി പേരാമംഗലം ഭാഗത്ത് മോഷണം നടത്തി കോട്ടയത്ത് എത്തിയതാണെന്നു പറയുന്നു. ആറ്റിങ്ങലില്‍ ജൂവലറി കുത്തിത്തുറന്ന് 13.5 കിലോഗ്രാം സ്വര്‍ണം അപഹരിച്ചത് ഉള്‍പ്പെടെ തിരുവനന്തപുരം, വഞ്ചിയൂര്‍, ഫോര്‍ട്ട്, കല്ലമ്പലം, പരവൂര്‍, കോട്ടയം, ചങ്ങനാശേരി, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, മണര്‍കാട് സ്റ്റേഷനുകളില്‍ കേസുണ്ട്. പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.