
‘തലകറക്കംപോലെയും ഇരുന്ന സോഫാസെറ്റ് ആരോ വലിച്ചുനീക്കുന്നതുപോലെയുമാണ് ആദ്യം തോന്നിയത്’; ഭൂകമ്പമാണെന്ന് അറിഞ്ഞതോടെ ഇറങ്ങി ഓടി; ബാങ്കോക്കിലെ ഭയാനകമായ ഭൂകമ്പം കൺമുന്നിൽ കണ്ട് വിറങ്ങലിച്ച് കോഴിക്കോട് സ്വദേശികളായ 4 പേർ
കോഴിക്കോട്: ബാങ്കോക്കിലെ ഭയാനകമായ ഭൂകമ്ബം കണ്‍മുന്നില്‍ക്കണ്ട് വിറങ്ങലിച്ച് കോഴിക്കോടുനിന്നുള്ള നാലു വിനോദസഞ്ചാരികള്‍.
കോഴിക്കോട് ഗണപത് ഗേള്‍സ് സ്കൂളിലെ മുൻ അധ്യാപിക കെ.കെ. ഷജ്നയും സുഹൃത്തുക്കളായ മൂന്നുപേരുമാണ് ഭൂകമ്ബബാധിത പ്രദേശത്ത് വെള്ളിയാഴ്ച അകപ്പെട്ടുപോയത്.
‘ഭൂകമ്ബത്തില്‍പ്പെട്ടപ്പോള്‍ ഇവിടെ ഷുവർസ്റ്റേ എന്ന ഹോട്ടലിലായിരുന്നു ഉണ്ടായിരുന്നത്’ -ഷജ്ന പറഞ്ഞു. തലകറക്കംപോലെയും ഇരുന്ന സോഫാസെറ്റ് ആരോ വലിച്ചുനീക്കുന്നതുപോലെയുമാണ് ആദ്യം തോന്നിയത്. ഭൂകമ്ബമാണെന്ന് അവർ പറഞ്ഞു. ഉടൻ എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങിയോടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടടുത്ത ഹോട്ടല്‍ക്കെട്ടിടത്തിന് മുകളില്‍നിന്ന് വാട്ടർടാങ്കിലെ വെള്ളംചീറ്റി പുറത്തേക്ക് ശക്തിയായി ഒഴുകുന്നതും വാഹനങ്ങള്‍ റോഡില്‍ മുന്നോട്ടുനീങ്ങാൻ കഴിയാതെ നിരനിരയായി നിർത്തിയിട്ടതുമായ കാഴ്ചയാണുകണ്ടത്. ഓടാൻശ്രമിക്കുന്നവർക്ക് മുന്നോട്ടുനീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
സ്വിമ്മിങ് പൂളിലും മറ്റും ഉണ്ടായിരുന്നവർക്ക് ഹോട്ടലുകാർ തോർത്തും വസ്ത്രങ്ങളും മറ്റും നല്‍കുന്നുണ്ടായിരുന്നു. മെട്രോയില്‍ ക്യൂനിന്നെങ്കിലും നീങ്ങുന്നില്ലെന്നുകണ്ട് എല്ലാവരും വാഹനത്തിനുള്ളില്‍ത്തന്നെ ഇരുന്നു. എട്ടുമണിക്കൂറോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എല്ലാകടകളും അടഞ്ഞുകിടന്നു.
മണിക്കൂറുകള്‍ക്കുശേഷം ഭക്ഷണത്തിനുള്ള കടകളാണ് ആദ്യം തുറന്നത്. ആശുപത്രിയിലുള്ളവർപോലും റോഡില്‍ ഇറങ്ങിനിന്നെന്ന് ഷജ്ന പറഞ്ഞു. ഹോട്ടല്‍മുറിയില്‍ നിലവില്‍ സുരക്ഷിതരാണ് തങ്ങളെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ചയാണ് കോഴിക്കോട്ടുനിന്ന് ഇവിടേക്ക് പുറപ്പെട്ടത്. ആദ്യം നെടുമ്ബാശേരിയില്‍നിന്ന് ക്വലാലംപുരിലേക്കും പിന്നീട് ഫുക്കറ്റിലേക്കും തുടർന്ന് ബാങ്കോക്കിലേക്കും എത്തുകയായിരുന്നു. നടക്കാവ് സ്കൂളിലെ അധ്യാപിക എ. ശുഭ, മകൻ ഡോ. അർജുൻ സുരേഷ്, മകള്‍ സങ്കീർത്തന സുരേഷ് എന്നിവരായിരുന്നു ഒപ്പമുള്ളവർ.