
ബി ജെ പിയുടെ വൻ വിജയത്തിനിടെ അടി തെറ്റിയത് നിരവധി പ്രമുഖർക്ക്
സ്വന്തംലേഖകൻ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നിരയിലെ പല പ്രമുഖർക്കും ഈ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിക്കേണ്ടി വന്നു. ബി ജെ പിയുടെ വൻ വിജയത്തിനിടെ അടി തെറ്റിയത് നിരവധി പ്രമുഖർക്ക്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ വൻ വിജയത്തിനിടെ നിരവധി പ്രമുഖർക്കാണ് അടിതെറ്റിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നിരയിലെ പല പ്രമുഖർക്കും ഈ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിക്കേണ്ടി വന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയച്ച് കയറിവർക്ക് പോലും ഇത്തവണ തോൽക്കേണ്ടി വന്നുവെന്നതാണ് യാഥാർത്ഥ്യം.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയാണ് ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രണ്ടാം തവണയുള്ള ഏറ്റുമുട്ടലിലായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പരാജയം. കോൺഗ്രസ് ജനറൽ സെക്രട്ടറി ജോതിരാതിദ്യ സിന്ധ്യയുടെ തോൽവിയാണ് കോൺഗ്രസിനെ ഞെട്ടിച്ച മറ്റൊരു തിരിച്ചടി. ജോതിരാതിദ്യ സിന്ധ്യയുടെ കുടുംബമണ്ഡലമായ ഗുണയിൽ എതിർ സ്ഥാനാർത്ഥി മുൻ കോൺഗ്രസ് നേതാവായ കെ.പി യാദവിനോടായിരുന്നു സിന്ധ്യയുടെ തോൽവി. രാജ്യം ഏറ്റവും ശ്രദ്ധയോടെ നോക്കി കണ്ട മത്സരമായിരുന്നു ഭോപ്പാലിലേത് . മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിങായിരുന്നു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. എന്നാൽ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ് ഠാക്കൂറിനോട് ഭോപ്പാലിൽ തോൽക്കുകയായിരുന്നു ദിഗ് വിജയ് സിങിന്റെ വിധി.കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജ്ജുൻ ഖാർഖെ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൌഡയും ചെറുമകൻ നിഖിൽ കുമാരസ്വാമിയും കർണ്ണാടകയിൽ നിന്ന് പരാജയപ്പെട്ട പ്രമുഖരാണ്. ഷീല ദീക്ഷിത്, ഭൂപേന്ദ്രസിങ് ഹൂഡ, ആശോക് ചവാൻ, വീരപ്പമൊയിലി തുടങ്ങിയ 9 മുൻ കോൺഗ്രസ് മുഖ്യമന്തിമാർക്കാണ് ഇത്തവണ തോൽവി നേരിടേണ്ടിവന്നത്. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹ, ഊർമിള മണ്ടോദ്കർ രാജ് ബബ്ബാർ തുടങ്ങിയവരും തോറ്റ പ്രമുഖരിൽ പെടുന്നു.