ബി അശോകനെ പുകച്ചു പുറത്തു ചാടിച്ചിട്ടും കെഎസ്‌ഇബിയിലെ സഖാക്കള്‍ക്ക് രക്ഷയില്ല;പിടിച്ചത് മൂര്‍ഖനെയെങ്കില്‍ അളയില്‍ ഉള്ളത് രാജവെമ്ബാല; വിട്ടുവീഴ്‌ച്ച ഇല്ലാതെ പുതിയ ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെ; സുരേഷ്‌കുമാറിന്റെ ശമ്ബളത്തില്‍ നിന്ന് 6.7 ലക്ഷം പിഴ പത്ത് ഗഡുക്കളായി തിരിച്ചു പിടിക്കാന്‍ ഉത്തരവിറങ്ങി
സ്വന്തം ലേഖിക
തിരുവനന്തപുരം: പിടിച്ചത് മൂര്‍ഖനെയെങ്കില്‍ അളയില്‍ ഉള്ളത് രാജവെമ്ബാലയാണെന്നാണ് പറയുന്നത് പോലുള്ള അവസ്ഥയിലണ് കെഎസ്‌ഇബിയിലെ സഖാക്കള്‍.
ബോര്‍ഡിനെ ലാഭത്തില്‍ എത്തിച്ച ബി അശോകനെ പുറത്താക്കി പടിയടച്ചപ്പോള്‍ പകരം വന്നയാള്‍ അതിലും കേമനാണെന്ന് സഖാക്കള്‍ നിരുവിച്ചില്ല. അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയതോടെ കെഎസ്‌ഇബിയിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ പ്രതീക്ഷകളെല്ലാം തെറ്റി തുടങ്ങി. ബി അശോക് തുടങ്ങിവെച്ച അച്ചടക്ക നടപടികളില്‍ നിന്നും വിട്ടുവീഴ്‌ച്ചയില്ലാതെ മു്‌ന്നോട്ടു പോകാനാണ് പുതിയ ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെയുടെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത ഇനത്തില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാര്‍ കെഎസ്‌ഇബിക്കു നഷ്ടം വരുത്തിയ 6.7 ലക്ഷം രൂപ അദ്ദേഹത്തിന്റെ ശമ്ബളത്തില്‍നിന്ന് 10 ഗഡുക്കളായി തിരിച്ചുപിടിക്കാന്‍ ഖോബ്രഗഡെ ഉത്തരവിട്ടു. ഇതോടെ ചട്ടങ്ങളില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകുന്ന ഖോബ്രഗഡെ അശോകനേക്കാള്‍ വലിയ അച്ചടക്കാരനാകുകയാണ്.
സുരേഷ്‌കുമാര്‍ ഉള്‍പ്പെടെ യൂണിയന്‍ നേതൃത്വം ചെയര്‍മാനെ സന്ദര്‍ശിച്ചപ്പോള്‍ നിയമപ്രകാരമേ നടപടികളുണ്ടാകുവെന്ന് അദ്ദേഹം അറിയിച്ചിരുന്നെന്നാണു സൂചന. പിന്നാലെയാണ് ഉത്തരവ്. സുരേഷ്‌കുമാര്‍ മുന്മന്ത്രി എം.എം.മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തപ്പോഴാണു വാഹനം സ്വകാര്യ ആവശ്യത്തിന് ദുരുപയോഗം ചെയ്തതായി കെഎസ്‌ഇബി വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത വകയില്‍ കെഎസ്‌ഇബിക്കു നഷ്ടം വരുത്തിയ 6,72,560 രൂപ അടച്ചില്ല. ഏപ്രില്‍ 19നു ചെയര്‍മാന്‍ നോട്ടിസ് നല്‍കി, രണ്ടു മാസം കഴിഞ്ഞിട്ടും പണമടച്ചില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥന്‍ തടസ്സവാദം ഉന്നയിച്ചിരിക്കുകയാണെന്നും ഇതു പരിശോധനയിലാണെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ പെരിന്തല്‍മണ്ണ ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ ഓഫിസില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ സുരേഷ്‌കുമാര്‍ മുന്‍ മന്ത്രി എം.എം.മണിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തപ്പോള്‍ വാഹനം സ്വകാര്യ ആവശ്യത്തിനു ദുരുപയോഗം ചെയ്‌തെന്നാണു കണ്ടെത്തല്‍. കെഎസ്‌ഇബി വിജിലന്‍സ് വിഭാഗം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു തുക അടയ്ക്കാന്‍ സുരേഷ്‌കുമാറിനു ചെയര്‍മാന്‍ നോട്ടിസ് നല്‍കിയത്.
പഴയ ഉത്തരവുകളില്‍ തിരിഞ്ഞു നോട്ടം വേണ്ടെന്ന സന്ദേശം തന്നെയാണ് മന്ത്രിയും ചെയര്‍മാനുമായി പങ്കുവെക്കുന്ന കാര്യം. പരിഷ്‌കരണം തുടരും. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാമെങ്കിലും ബോര്‍ഡിന് മുകളില്‍ ശക്തിയാകാനുള്ള ശ്രമം തടയും. ഇതിന് വേണ്ടതെല്ലാം ചെയ്യാനുള്ള പച്ചക്കൊടിയാണ് വൈദ്യുത മന്ത്രിയില്‍ നിന്നും മുതിര്‍ന്ന ഐഎഎസുകാരന് കിട്ടിയത്. ആരോഗ്യ വകുപ്പിനെ കോവിഡു കാലത്ത് നയിച്ചതു പോലെ വൈദ്യുത ബോര്‍ഡിനേയും മുമ്ബോട്ട് കൊണ്ടു പോകാനുള്ള കരുത്ത് പുതിയ ഉദ്യോഗസ്ഥനുണ്ടെന്നാണ് കൃഷ്ണന്‍കുട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ബി അശോകിന്റെ മാറ്റം കെ എസ് ഇ ബിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഫലത്തില്‍ ഖോബ്രഗഡെയും അതിശക്തമായ നടപടികളുമായി കെ എസ് ഇ ബിയെ നയിക്കും.
കെഎസ്‌ഇബിയില്‍ സമഗ്രമായ പരിഷ്‌കാരത്തിന് വഴിമരുന്നിട്ട ചെയര്‍മാന്‍ ബി.അശോകിനെ മാറ്റിയാണ് രാജന്‍ ഖോബ്രഗഡെയെ നിയമിച്ചത്. കെഎസ്‌ഇബി ചെയര്‍മാന്റെ പദവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയര്‍ത്തി. ബി.അശോകിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്‌ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാന്‍ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെഎസ്‌ഇബി ചെയര്‍മാനായി ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് അശോകിനെ മാറ്റിയത്. അശോകിനെതിരെ കെഎസ്‌ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോള്‍ മറുവശത്ത് ഐഎഎസ് അസോസിയേഷന്‍ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സര്‍ക്കാര്‍ സംരക്ഷിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന്‍ ഖോബ്രഗഡെ. ഒരു മാസം മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ അവധി എടുത്തു. ഇത് റദ്ദാക്കിയാണ് ഖോബ്രഗഡെ കെ എസ് ഇ ബിയെ നയിക്കാനെത്തുന്നത്.