കെ.എം ഷാജിയെ ആയോഗ്യനാക്കി: അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് വരുന്നു; ആറു വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല: ഷാജിയുടെ വർഗീയ പരാമർശമുള്ള പോസ്റ്റർ തേർഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകൻ
കോട്ടയം: റിപ്പോർട്ടർ ചാനൽ മേധാവി എം.വി നികേഷ് കുമാറിനെ പരാജയപ്പെടുത്തി അഴീക്കോട് എം.എൽഎയായ മുസ്ലീം ലീഗിലെ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന കേസിൽ എതിർ സ്ഥാനാർത്ഥിയായ നികേഷ് കുമാർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങളോടെ ഷാജി പുറത്തിറക്കിയ പോസ്റ്ററും പ്രചാരണ നോട്ടീസും തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
കാരുണ്യവാനായ അള്ളാഹുവിന്റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സക്കാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചു നേരം നിസ്‌കരിച്ച് നമുക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹമ്മദീയനായ കെ.മുഹമ്മദ ഷാജി എന്ന കെ.എം ഷാജി വിജയിക്കാൻ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നതായിരുന്നു കെ.എം ഷാജി പുറത്തിറക്കിയ ലേഖനത്തിൽ പറഞ്ഞിരുന്നത്.
തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കാൻ പാടില്ലാത്തതാണ്. ഇത് പറഞ്ഞ് വോട്ട് പിടിച്ചാൽ സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം അയോഗ്യനാക്കാൻ സാധിക്കും. ഈ ചട്ടം പ്രകാരം നോട്ടീസുമായി നികേഷ് കുമാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഷാജിയെ അയോഗ്യനാക്കി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ അഴീക്കോട്ടും വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വരും. മഞ്ചേശ്വരത്തിനു പിന്നാലെ അഴീക്കോട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് സർക്കാരിനു തിരിച്ചടിയായി മാറും.