ഇന്ന് അയ്യങ്കാളി ജയന്തി;തൊട്ടുകൂടായ്മക്കും വിവേചനങ്ങള്‍ക്കുമെതിരെ പോര്‍മുഖം തുറന്ന ധീരനേതാവ്; പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഇന്ന് രാവിലെ കനകക്കുന്നിൽ നിന്ന് അയ്യങ്കാളി ജയന്തി ഘോഷയാത്ര ആരംഭിക്കും

Spread the love

അയിത്തം കൊടികുത്തിവാണകാലത്ത് തൊട്ടുകൂടായ്മക്കും വിവേചനങ്ങള്‍ക്കുമെതിരെ പോര്‍മുഖം തുറന്ന ധീരനേതാവായിരുന്നു അയ്യങ്കാളി. അയ്യങ്കാളിയുടെ 162-ാം ജന്‍മവാര്‍ഷികദിനമാണിന്ന്.ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ അഹോരാത്രം പോരാടിയ അടിച്ചമര്‍ത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബ്ദമായിരുന്നു അയ്യങ്കാളി. (ayyankali birth anniversary

എല്ലാ ജാതിക്കാര്‍ക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനായി നടത്തിയ നെടുമങ്ങാട് ചന്തലഹളയും വില്ലുവണ്ടിയാത്രയും ദളിതരുടെ വസ്ത്രധാരണത്തിനുള്ള സമരങ്ങളും നീതിക്കായുള്ള പോരാട്ടങ്ങളായി. 1914ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ സുപ്രധാന അധ്യായമായി.

ജന്മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന കാലത്ത് ഉച്ചനീചത്തങ്ങള്‍ക്കും ചൂഷണത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1907ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. അസമത്വം അനുഭവിച്ച എല്ലാ ജാതിമതസ്ഥരുടേയും ഉന്നമനമായിരുന്നു സംഘടനയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസമെന്നത് ജാതി മത ചിന്തകള്‍ക്കപ്പുറം ആയിരിക്കണമെന്ന് ഒരു ജനതയോട് ആഹ്വനം ചെയ്തു അയ്യങ്കാളി. തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവര്‍ക്കും സ്‌കൂളുകളില്‍ പഠിക്കാനുള്ള അവകാശം നേടിയെടുത്തു. 1914 മേയ് മാസത്തില്‍ ‘സാധുജന പരിപാലിനി’ പത്രം തുടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂര്‍ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. അരികുവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ നവോത്ഥാനനായകന്‍ വിടവാങ്ങിയത് 1941 ജൂണ്‍ 18നാണ്.

തിരുവനന്തപുരം: നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ 162ാം ജന്മദിനം ഇന്ന്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8.15ന് കനകക്കുന്നിൽ നിന്ന് അയ്യങ്കാളി ജയന്തി ഘോഷയാത്ര ആരംഭിക്കും. 8.30 ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടക്കും. അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ ഒ.ആർ. കേളു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ആന്റണി രാജു, ഒ.എസ്. അംബിക എന്നിവർ പങ്കെടുക്കും