play-sharp-fill
അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് വെള്ളിയാഴ്ച തുടക്കം; ഉദ്ഘാടനം ഗവർണറും  സമാപന സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രിയും നിർവഹിക്കും

അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് വെള്ളിയാഴ്ച തുടക്കം; ഉദ്ഘാടനം ഗവർണറും സമാപന സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രിയും നിർവഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്നില്‍  നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം 16ന് രാവിലെ പത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ്  പി. സദാശിവം നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായക് , മന്ത്രി കെ.കെ ശൈലജ , ഡെപ്യൂട്ടി സ്പീക്കര്‍  വി.ശശി, പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വികെ മധു, കേരള യൂണിവേ്ഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം.കെ.സി. നായര്‍ എന്നിവര്‍ പങ്കെടുക്കും.  കോണ്‍ക്ലേവിന് മുന്നോടിയായി ഇന്ന് (ഫെബ്രുവരി 14 ന് )രാവിലെ 11 ന്് ആയുര്‍വേദ കോളജില്‍ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.

രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍,  ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍, സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

15 ന് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എല്‍എസ്ജി മീറ്റ് നടക്കും. പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികള്‍ അവതരിപ്പിക്കും.   ആരോഗ്യമന്ത്രി കെ.കെ ശൈലജ  അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ചീഫ് സെക്രട്ടറി (എല്‍.എസ്.ജി.ഡി.) റ്റി.കെ ജോസ് മുഖ്യപ്രഭാഷണം നടത്തും. സൂര്യകാന്തി എക്സ്പോ ഗ്രൗണ്ടില്‍   നാലു ദിവസം നീണ്ടുനില്കുന്ന ആരോഗ്യ എക്സ്പോ നടക്കും. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കും. എഡ്യുക്കേഷന്‍ എക്സ്പോയില്‍ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കുന്നു. 

16ന്  രാവിലെ 11.30ന്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ഹാളില്‍ ഗുഡ് ഫുഡ് കോണ്‍ക്ലേവ്  മന്ത്രി  പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.  സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 

ചികിത്സാ, ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖരും യുവ കര്‍ഷക പ്രതിഭകളും ഗുഡ് ഫുഡ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. 15 മുതല്‍ 18 വരെ പൊതുജനങ്ങള്‍ക്കും സാമൂഹ്യ നീതി, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായി ജവഹര്‍ ബാലഭവന്‍ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകള്‍ സംഘടിപ്പിക്കും.

16 ന് ഉച്ചയ്ക്ക് 12 മുതല്‍ കനകക്കുന്ന് പാലസ് ഹാളില്‍ ബിസിനസ് കോണ്‍ക്ലേവ് ആരംഭിക്കും.

ഇതിന്റെ ഭാഗമായി നടത്തുന്ന ഡ്രഗ് പോളിസി വര്‍ക് ഷോപ്പില്‍ എന്‍.എച്ച്.എം., എന്‍.എ.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അദ്ധ്യക്ഷത വഹിക്കും. എ.എസ്.യു. ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. റ്റി. ഡി ശ്രീകുമാര്‍ ഡ്രഗ് പോളിസി പരിചയപ്പെടുത്തും. 

 17 ന് രാവിലെ 9.30 മുതല്‍ കനകക്കുന്ന് പാലസ് ഹാളില്‍ ബിസിനസ് മീറ്റ് ആരംഭിക്കും. ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ചര്‍ച്ച ഉണ്ടാകും. ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ബി. സത്യന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.റ്റി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യാതിഥിയാകും. എന്‍.ബി.എച്ച്. സീനിയര്‍ ഡയറക്ടര്‍ ഗായത്രി വി മഹിന്ദ്രു മുഖ്യപ്രഭാഷണം നടത്തും. 

18 ന്  രാവിലെ രാവിലെ 9ന്  കനകക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍  സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവ് സംഘടിപ്പിക്കും.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങില്‍ ആയുഷ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഉണ്ടാവും.

പത്തിന്  കനകക്കുന്ന് പാലസ് ഹാളില്‍ ഔഷധസസ്യ കര്‍ഷകസംഗമം നടക്കും.   19 ന് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന  സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.  ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, മേയര്‍  വി.കെ. പ്രശാന്ത്, എം പി മാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.കോണ്‍ക്ലേവിന് മുന്നോടിയായി ആയുഷ് കോണ്‍ക്ലേവ് ആപ്പ്   ഇന്നലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു. പത്രസമ്മേളനത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, ഹോമിയോപ്പതി സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍.ജയനാരായണന്‍, ഹോമിയോപ്പതി മെഡിക്കല്‍ എഡ്യൂക്കേഷന്‍ കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍ രാജ്, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഉഷ കുമാരി,ഹെല്‍ത്ത് ആന്‍ഡ് ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്, ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെമുന എന്നിവര്‍  പങ്കെടുത്തു.