
അയോധ്യയിൽ സൈനിക ആവശ്യത്തിന് ബഫർ സോണാക്കിയ ഭൂമി അദാനി വാങ്ങി ; അയോധ്യ സ്വദേശിയായ വ്യക്തിയിൽ നിന്ന് ബിജെപി എംഎൽഎ സിപി ശുക്ല വാങ്ങിയ ഭൂമിയാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്
അയോധ്യ ക്ഷേത്രത്തിനടുത്ത് ജനവാസ മേഖലയല്ലാത്ത സൈന്യത്തിന് വേണ്ടി നേരത്തെ കണ്ടുവച്ച ഭൂമി ബഫർ സോൺ ഗണത്തിൽ നിന്ന് മാറ്റി.
ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കർ, ഗൗതം അദാനി എന്നിവരുമായി ബന്ധമുള്ള ഹെക്ടർ കണക്കിന് ഭൂമി ഇടപാടുകൾ നടന്നതിന് പിന്നാലെയാണ് സരയൂ നദീ തീരത്തെ മജ്ഹ ജംതാര ഗ്രാമത്തെ സൈനിക ബഫർ സോൺ അല്ലാതാക്കിയത്.
അദാനി ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ഹോംക്വസ്റ്റ് ഇൻഫ്രാസ്‌പേസ് 2023 നവംബറിൽ മജ്ഹ ജംതാരയിൽ 1.4 ഹെക്ടർ ഭൂമി വാങ്ങിയിരുന്നു. അയോധ്യ സ്വദേശിയായ വ്യക്തിയിൽ നിന്ന് ബിജെപി എംഎൽഎ സിപി ശുക്ല വാങ്ങിയ ഭൂമിയാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.
അയോധ്യ ക്ഷേത്രത്തിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം ദൂരെയാണ് ഇവിടം. ഈ ഇടപാടുകളെല്ലാം ഒറ്റ വർഷത്തിനുള്ളിലാണ് നടന്നത്.
2022 ഫെബ്രുവരിയിൽ ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട് ഓഫ് ലിവിങിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വ്യക്തി വികാസ് കേന്ദ്ര ഇതേ പ്രദേശത്ത് 5.31 ഹെക്ടർ ഭൂമി വാങ്ങിയിരുന്നു. 2023 ജൂലൈയിൽ യോഗ ഗുരു ബാബ രാംദേവിൻ്റെ ഭാരത് സ്വാഭിമാൻ ട്രസ്റ്റുമായി ബന്ധമുള്ള ഹരിയാനയിലെ യോഗ് ആയോഗ് ചെയർമാൻ ജയ്‌ദീപ് ആര്യയും മറ്റ് നാല് പേരും ചേർന്ന് ഇതേ പ്രദേശത്ത് 3.035 ഹെക്ടർ ഭൂമി വാങ്ങി.
സൈന്യത്തിൻ്റെ ഭൂമിക്ക് തൊട്ടടുത്ത് കിടക്കുന്ന ഈ പ്രദേശങ്ങളെല്ലാം ബഫർ സോണുകളാക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
ഫീൽഡ് ഫയറിംഗിനും പീരങ്കി പരിശീലനത്തിനുമായി സൈന്യം ഉപയോഗിക്കുന്ന പ്രദേശത്തോട് ചേർന്നതാണ് ഇവിടം. ബഫർ സോൺ ആയതോടെ മേഖലിൽ വാണിജ്യപരമായ പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളം വിലക്കിയിരുന്നു.
എന്നാൽ വൻകിടക്കാർ ഭൂമി വാങ്ങിക്കൂട്ടിയതിന് പിന്നാലെ ഈ വർഷം മെയ് 30 ന് പ്രദേശത്തെ ബഫർ സോൺ അല്ലാതാക്കി മാറ്റി.
ഉത്തർപ്രദേശ് ഗവർണറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ബഫർ സോൺ ആയിരുന്ന സമയത്ത് ഭൂമി കൈമാറ്റത്തിന് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. എന്നാൽ കൃഷി ആവശ്യത്തിന് മാത്രമേ ഇവിടം ഉപയോഗിക്കാൻ പാടുള്ളൂവെന്ന നിലയായിരുന്നു.
ഇതാണ് ഇപ്പോൾ വൻകിട ബിസിനസുകാർക്കും ആത്മീയ നേതാക്കൾക്കുമായി മാറ്റിയത്.
നേരത്തെയുണ്ടായിരുന്ന ഉത്തരവ് പ്രകാരം പ്രദേശത്തെ 14 വില്ലേജുകളിലായി 13391 ഏക്കർ(5419 ഹെക്ടർ) ഭൂമിയാണ് ബഫർ സോണായി വിജ്ഞാപനം ചെയ്തിരുന്നത്. ഇതിൽ 894.7 ഹെക്ടർ വരുന്ന 2211 ഏക്കർ സ്ഥലമാണ് മജ്ഹ ജംതാര ഗ്രാമത്തിൽ ബഫർ സോൺ പട്ടികയിൽ നിന്ന് മാറ്റിയത്