അയോധ്യ കേസ് 2019 ലേക്ക് മാറ്റി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബ്റി മസ്ജിദ് ഭൂമി തർക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വർഷത്തേക്ക് മാറ്റി. കേസ് 2019 ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തകർക്കപ്പെട്ട ബാബ്‌റി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.
കേസിന്റെ വാദം എന്നു കേൾക്കണമെന്നും ഏത് ബെഞ്ച് വാദം കേൾക്കണമെന്ന കാര്യവും ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
Third Eye News Live
0