play-sharp-fill
അയോധ്യക്കേസ് വിധി: ജില്ലയിൽ ഏഴു ദിവസം പ്രകടനം പാടില്ല; വെടിമരുന്നും സ്‌ഫോടക വസ്തുക്കളും ആയുധവും കൊണ്ടു നടക്കരുത്; സോഷ്യൽ മീഡിയ സന്ദേശങ്ങൾ സൂക്ഷിച്ച് മാത്രം അയക്കുക; കർശന നിയന്ത്രണങ്ങളുമായി പൊലീസ്

അയോധ്യക്കേസ് വിധി: ജില്ലയിൽ ഏഴു ദിവസം പ്രകടനം പാടില്ല; വെടിമരുന്നും സ്‌ഫോടക വസ്തുക്കളും ആയുധവും കൊണ്ടു നടക്കരുത്; സോഷ്യൽ മീഡിയ സന്ദേശങ്ങൾ സൂക്ഷിച്ച് മാത്രം അയക്കുക; കർശന നിയന്ത്രണങ്ങളുമായി പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇനി ഏഴു ദിവസത്തേയ്ക്ക് പ്രകടനങ്ങൾ നിരോധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.
വിധ്വംസക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള സംഘടനകൾ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ജില്ലയിൽ കർശന നിരോധനവും നിയന്ത്രണവും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഏർപ്പെടുത്തിരിക്കുന്നത്.
തീവ്രവാദനിലപാടുള്ളവർ സംഘടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കേരള പൊലീസ് ആക്ട് വകുപ്പ് 78,79 പ്രകാരമാണ് നിയന്ത്രണം ഏർപെടുത്തിയത്. ഇതനുസരിച്ച് യാതൊരുവിധ നശീകരണ-സ്‌ഫോടക വസ്തുക്കൾ, വെടിമരുന്നുകൾ, കല്ലുകളും ആക്രമണത്തിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ആയുധങ്ങളും അത്തരം വസ്തുക്കളും തയാറാക്കുന്നതും ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.
ഇത് കൂടാതെ ജില്ലാ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങളെ കർശന നിരീക്ഷണത്തിൽ നിർത്താനും തീരുമാനിച്ചു. ഏതെങ്കിലും രീതിയിലുള്ള തെറ്റായ പ്രചാരണം ഉണ്ടായാൽ ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും കർശന നടപടികൾ സ്വീകരിക്കാനും ജില്ലാ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ശനിയാഴ്ച മുതൽ ഏഴുദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്. സാമൂഹികവിരുദ്ധവും മതസൗഹാർദ്ദത്തെ തകർക്കുന്നതുമായ പ്രവർത്തനങ്ങളും രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കാവുന്ന പ്രവർത്തനങ്ങളും ജനങ്ങളുടെ സഞ്ചാരസാതന്ത്ര്യം, മൗലികാവകാശം എന്നിവ ഹനിക്കുന്ന രീതിലുള്ള മറ്റ് പ്രതിഷേധപ്രവർത്തനങ്ങളും  സാമുദായികവും മതപരവുമായ വികാരം ആളികത്തിക്കുന്നതും സദാചാരത്തിന്റെ പൊതുനിലവാരത്തെ ധ്വംസിക്കുന്നതും സമാധാനത്തെ ബാധിക്കുന്നതും രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്നതുമായി ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിച്ച കടലാസുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, ഓഡിയോ-വീഡിയോ റെക്കോർഡിങുകൾ, പോസ്റ്റുകൾ, ബാനറുകൾ എന്നിവ തയാറാക്കുന്നതും പ്രദർശിപ്പിക്കുന്നതോ പ്രതിനിധീകരിക്കുന്നതും  വിതരണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതും നിരോധിച്ചു.
അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ ഈകാലയളവിൽ പ്രകടനം, പൊതുസമ്മേളനം, റാലി എന്നിവ നടത്താൻ പാടില്ല. നിർദേങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.