
കോട്ടയം: സഞ്ചാരികളുടെ മനം നിറയ്ക്കാന്‍ കോട്ടയത്തെ അയ്മനം ഗ്രാമം ഒരുങ്ങുന്നു.
രാജ്യാന്തര അംഗീകാരം അടക്കം നേടിയ ഗ്രാമം നാട്ടുകാരുടെ ഒത്തൊരുമയില്‍ സഞ്ചാരികള്‍ക്കായി കാഴ്ച്ചയുടേയും ആസ്വാദനത്തിന്റെയും പുതിയ അനുഭവം ഒരുക്കുകയാണ്.
കോട്ടയം അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തില്‍ ആമ്പല്‍ വസന്തം നിറഞ്ഞു നില്ക്കുകയാണ്.
ഈ കാഴ്ച കാണാന്‍ സ്വദേശികളും വിദേശികളും അടക്കം നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാധ്യതയെ നാട്ടുകാരുടെ ഒത്തൊരുമയിൽ കൂടുതല്‍ മിഴിവോടെ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുയാണ് നാട്.
അയ്മനം ഗ്രാമപഞ്ചായത്ത്, റെസിഡന്‍സ് അസോസിയേഷനുകൾ, പാടശേഖര സമിതി, ഉത്തരവാദിത്വ ടൂറിസം മിഷൻ, അരങ്ങ് സാംസ്‌കാരിക കൂട്ടായ്മയും ചേര്‍ന്നാണ് പുത്തൂക്കരിയില്‍ ടൂറിസം ഉത്‌സവം ഒരുക്കുന്നത്.
വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ആമ്പല്‍ വസന്തം, കനാല്‍ ഫെസ്റ്റ് രാവിലെ ആറുമണി മുതല്‍ പത്ത് മണിവരെയാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നാടന്‍ കലാകായിക മത്‌സരങ്ങള്‍, ആമ്പല്‍ ജലയാത്ര, കയാക്കിങ്ങ്, കുട്ടവഞ്ചി, ശിക്കാരി വള്ളയാത്ര, നാടന്‍ ഭക്ഷ്യമേള, വലവീശല്‍ മത്‌സരം, ഓലമെടയല്‍ മത്‌സരം, എട്ടുകളി, പകിടകളി മത്‌സരങ്ങള്‍ എന്നിവയും വീട്ടമ്മമാര്‍ക്കായി രുചിക്കൂട്ട് പാചക മത്‌സരവും ഒരുക്കിയിട്ടുണ്ട്.
മൂന്നുദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 9ന് തുറമുഖ, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ത്രിതല പഞ്ചായത്ത് ജന പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
അനുഭവേദ്യ വിനോദ സഞ്ചാരമാണ് അയ്മനത്തിന്റെ മാതൃക. ഗ്രാമീണ കാഴ്ചകളെ തൊട്ടറിഞ്ഞ് അനുഭവിക്കാമെന്നതാണ് അയ്മനത്തിന്റെ ആമ്പല്‍ വസന്തം കനാല്‍ ഫെസ്റ്റിന്റെ പ്രത്യേകത. വഞ്ചിയാത്രയും ഗ്രാമത്തെ അടുത്തറിയാനുമുള്ള പാക്കേജുമാണ് പുത്തൂക്കരിയില്‍ നല്‍കുന്നത്. ശിക്കാരി വള്ളത്തിലും,
ചെറുവള്ളങ്ങളിലും, ബോട്ടിലും പുത്തൂക്കരിയില്‍ നിന്ന് ചീപ്പുങ്കലിലേക്ക് യാത്രയും ഒരുക്കിയിട്ടുണ്ട്. മനോഹരമായ കനാല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കയറുപിരി, തെങ്ങുകയറ്റം , ഓലമെടയല്‍, പാ നെയ്ത്ത്, മീന്‍പിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാം. നാടന്‍ ഭക്ഷണം ഉണ്ടാക്കുന്നതു കാണുവാനും ആസ്വദിക്കുവാനും സാധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റ് മൂന്നുദിവസം കൊണ്ട് അവസാനിക്കുമെങ്കിലും സഞ്ചാരികള്‍ക്കായുള്ള ആമ്പല്‍ വസന്തം സീസണ്‍ ഒക്‌ടോബര്‍ ആദ്യവാരം വരെ തുടരും, ബോട്ട് യാത്ര സൗകര്യവും ആ സമയത്ത് ലഭ്യമാക്കും.