പഴയതൊന്നും പാഴല്ല..! അയ്മനത്തെ 11 വാർഡുകളിൽ നിന്നും ഡിവൈ.എഫ്.ഐ പാഴ് വസ്തുക്കളിലൂടെ ശേഖരിച്ചത് ഒരു ലക്ഷം രൂപ..!
തേർഡ് ഐ ബ്യൂറോ
അയ്മനം: പഴയതൊന്നും ഈ കൊറോണക്കാലത്ത് പാഴല്ലെന്നു തെളിയിച്ചിരിക്കുകയാണ് അയ്മനത്തെ ഡിവൈ.എഫ്.ഐയുടെ മിടുക്കന്മാർ..! അയ്മനം പഞ്ചായത്തിലെ 11 വാർഡുകളിൽ നിന്നുമായി ഡിവൈ.എഫ്.ഐ പ്രവർത്തകർ പഴയ സാധനങ്ങൾ കണ്ടെത്തി വിൽപ്പന നടത്തി സ്വരൂപിച്ചത് ഒരു ലക്ഷം രൂപയാണ്.
ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരള ക്യാമ്പെയിനിന്റെ ഭാഗമായാണ് പ്രവർത്തകർ അയ്മനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രംഗത്ത് ഇറങ്ങിയത്. സംസ്ഥാനത്തെമ്പാടും ഡിവൈഎഫ്‌ഐ പ്രവർത്തകർ റീസൈക്കിൾ കേരള പദ്ധതിയുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം അയ്മനം പഞ്ചായത്തിലും പ്രവർത്തകർ ക്യാമ്പെയുനുമായി എത്തിയത്. ഇത്തരത്തിൽ ക്യാമ്പെയിന്റെ ഭാഗമായി പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി. തുടർന്നു, വീടുകളിൽ നിന്നും പഴയ സാധനങ്ങൾ ശേഖരിച്ചു. ഈ സാധനങ്ങൾ വിറ്റാണ് തുക കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു ഈ തുക നൽകുന്നതിനായി ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക് സി.തോമസിനു മേഖല കമ്മിറ്റി അംഗങ്ങൾ ചേർന്നു തുക കൈമാറി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം റിജേഷ് കെ.ബാബു, മേഖലാ സെക്രട്ടറി ശരത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.