അയ്മനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം: വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘത്തിലെ അംഗമായ യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി
ക്രൈം ഡെസ്‌ക്
കോട്ടയം: അയ്മനത്ത് ക്രിസ്മസ് ദിനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘാംഗമായ യുവാവ് പിടിയിൽ. അയ്മനം ചൂരക്കാവ് പതിമറ്റം കോളനിയിൽ തെക്കേച്ചിറ വീട്ടിൽ സച്ചിൻകുമാറിനെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് ദിനത്തിൽ അർധരാത്രിയ്ക്കു ശേഷമായിരുന്നു അയ്മനത്ത് ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവിനെ വീടിനു മുന്നിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ സംഘം, മറ്റൊരു ഡിവൈ.എഫ്.ഐ പ്രവർത്തന്റെ വീട് അടിച്ചു തകർക്കുകയായിരുന്നു.
ഡിവൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് ഒളശ അമിക്കാരിയിൽ വീട്ടിൽ നിധീഷ് രാജ് (26), പ്രവർത്തകൻ ശ്രീവത്സം വീട്ടിൽ അരുൺ ദാസ് (26) എന്നിവർക്കാണ് വെട്ടേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിധീഷിന്റെ രണ്ടു കാലിലും വെട്ടിയ പ്രതികൾ, അതുലിന്റെ തല അടിച്ച് തകർക്കുകയും ചെയ്തു. ഡിവൈ.എഫ്.ഐ പ്രവർത്തകനായ ഒളശ പാഞ്ചേരിയിൽ വീട്ടിൽ അതുൽ പി.ബിജുവിന്റെ (26) വീട് അക്രമി സംഘം അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
അയ്മനത്തെയും പ്രദേശത്തെയും കഞ്ചാവ് കച്ചവടക്കാരെ പിൻതുണച്ചിരുന്നത് വിനീത് സഞ്ജയനും സംഘവുമായിരുന്നു. ഇവർക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് വിനീത് സഞ്ജയനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വീടുകയറി ആക്രമിക്കുകയും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നേരത്തെ വെസ്റ്റ് പൊലീസ് വിനീത് സഞ്ജയനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ വിനീത് സഞ്ജയൻ ഗുണ്ടാ സംഘത്തെയും കൂട്ടി അക്രമം നടത്തുകയായിരുന്നു. ചെങ്ങളം കളപ്പുരയ്ക്കൽ പനഞ്ചേരിൽ ബൈജുവിന്റെ വീട് അടിച്ചു തകർത്ത അക്രമി സംഘം ഇവിടെ പടക്കം എറിഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ഇവിടെ നിന്നും അക്രമി സംഘം മടങ്ങുന്നതിനിടെയാണ് നിധീഷും അരുണും അക്രമികളുടെ മുന്നിൽപ്പെട്ടത്. അതുലിന്റെ വീട്് ഗുണ്ടാ സംഘം അടിച്ചു തകർത്ത വിവരം അറിഞ്ഞു ഇവിടേയ്ക്കു പോകുന്നതിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് സംഘം ആക്രമിച്ചത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണത്തിനായി ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ് ഐ സാബു സണ്ണി , എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
നവംബർ ഒൻപതിന് കോട്ടയം നാഗമ്പടത്ത് സീസർ പാലസ് ഹോട്ടലിൽ കളക്ടറേറ്റിനു സമീപം പുളിമൂട്ടിൽ വീട്ടിൽ പ്രവീൺ ചാക്കോയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാല മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.