
അയർക്കുന്നം : അങ്ങനെ കണ്ണുമടച്ച് വിശ്വസിക്കാൻ കഴിയില്ല അയർക്കുന്നം ഡിവിഷനെ. തക്കവും ലാക്കും നോക്കി എങ്ങോട്ടുവേണേലും ചായും.
യു.ഡി.എഫിനേയും, എല്‍.ഡി.ഫിനെയും വരിച്ചിട്ടുള്ള ഡിവിഷൻ. ഇത്തവണ വനിതാസംവരണമാണ്. പൊതുസ്വതന്ത്രയെ മുന്നില്‍നിറുത്തി പിടിച്ചെടുക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യം.
വിജയപുരം പഞ്ചായത്തിലെ 16 വാർഡുകളും മണർകാട് പഞ്ചായത്ത് ഒമ്ബതു വാർഡുകളും, അയർക്കുന്നം പഞ്ചായത്തിലെ 21 വാർഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷൻ. പുതുപ്പള്ളി മണ്ഡലത്തില്‍പ്പെടുന്ന അയർക്കുന്നത്ത് ഉമ്മൻചാണ്ടി വികാരം കത്തിച്ചാണ് യു.ഡി.എഫ് പ്രചരണം. അതേസമയം വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും, എൻ.ഡി.എയും ശക്തമായി കളത്തിലുണ്ട്.
കോണ്‍ഗ്രസിന് കരുത്തുള്ള ഡിവിഷനില്‍ ചിലയിടങ്ങളില്‍ എല്‍.ഡി.എഫിനും, എൻ.ഡി.എയ്ക്കും സ്വാധീനമുണ്ട്. യു.ഡി.എഫിലെ ഗ്രേസി കരിമ്പന്നൂരും, എല്‍.ഡി.എഫിലെ ജിലു ജോണും, എൻ.ഡി.എയിലെ രമ്യ കിഷോറും അവസാനവട്ട പ്രചരണത്തിലേയ്ക്ക് കടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രേസി കരിമ്ബന്നൂർ (യു.ഡി.എഫ്)
കോണ്‍ഗ്രസ് മണർകാട് പഞ്ചായത്ത് മുൻപ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം. കോണ്‍ഗ്രസ് അയർക്കുന്നം ബ്ലോക്ക് ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് അയർക്കുന്നം ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരം. മണർകാട് കരിമ്പന്നൂർ കുടുംബാംഗമാണ്.
ജിലു ജോണ്‍ (എല്‍.ഡി.എഫ്)
തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യം. സി.എം.എസ് കോളേജില്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിലു ജോണ്‍ സംരംഭക എന്ന നിലയില്‍ ശ്രദ്ധേയയാണ്. ഞാലിയാകുഴിയില്‍ മലയാളീസ് എന്ന പേരില്‍ ഓയില്‍ ആൻഡ് ഫ്ളൗർ മില്‍ നടത്തുന്നു. മണർകാട് കുമ്പളപ്പള്ളില്‍ കാലായില്‍ കുടുംബാംഗമാണ്.
രമ്യ കിഷോർ (എൻ.ഡി.എ)
ബി.ജെ.പി അയർക്കുന്നം മണ്ഡലം സെക്രട്ടറി. മഹിള മോർച്ച മണ്ഡലം പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരം.



