അയർക്കുന്നത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം: മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചത് എട്ട് മണിക്കൂറോളം; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു; കുഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു: മൃതദേഹത്തിന് മുകളിൽ ചാക്ക് വിരിച്ച് മണ്ണിട്ട് മൂടി; പെൺകുട്ടിയുടെ പോസ്റ്റ്മാർട്ടം പുരോഗമിക്കുന്നു
തേർഡ് ഐ ന്യൂസ്
കോട്ടയം: അയർക്കുന്നത്ത് ഹോളോബ്രിക്‌സ് കമ്പനിയ്ക്കുള്ളിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കുഴിച്ചിട്ട സംഭവത്തിൽ കൊലനടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത് ഒറ്റയ്‌ക്കെന്ന് പ്രതി. എന്നാൽ, സാമാന്യം ഉയരവും വണ്ണവുമുള്ള പെൺകുട്ടിയെ പ്രതി ഒറ്റയ്ക്ക് കൊലപ്പെടുത്തി എന്ന വാദം പൊലീസ് പൂർണമായും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്.
അയർക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെയാണ് അയർക്കുന്നം നീറിക്കാട് ചെന്നിക്കര ഹോളോബ്രിക്‌സിലെ ടിപ്പർ ഡ്രൈവറായ മാലം കുഴിനാഗനിലത്തിൽ അജേഷ് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.
രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിൽ പ്രതി താൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. തന്റെ മുറിയ്ക്കുള്ളിൽ വച്ച് കഴുത്തിൽ ഷോൾ മുറുക്കി ബോധംകെടുത്തിയ ശേഷം, അതിക്രൂരമായി ബലാത്സംഗം ചെയ്ത് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈകുന്നേരത്തോടെ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തന്റെ മുറിയിലെ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചു. രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം, മുറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന്റെ വലത് കാലിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വാഴത്തോട്ടത്തിന്റെ സമീപത്ത് എത്തിച്ചു. മുകളിൽ നിന്നും വാഴത്തോട്ടത്തിന്റെ കുഴിയിലേയ്ക്ക് മൃതദേഹം വലിച്ചെറിഞ്ഞു. തുടർന്ന് മൃതദേഹത്തിന്റെ മുകളിൽ ചാക്ക് ഇട്ടു. പിന്നാലെ മണ്ണിട്ട് മൂടുകയും ചെയ്തു.
എന്നാൽ, ഇരുപതിലേറെ ഇതര സംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന കോളനി മാതൃകയിലുള്ള സിമന്റ് ഇഷ്ടിക ഫാക്ടറിയിൽ മറ്റൊരാൾ പോലും അറിയാതെ പ്രതി കൊലപാതകം നടത്തി എന്ന വാക്ക് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സിമന്റ് ഫാക്ടറിയിലെ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇവരിൽ ആരുടെയെങ്കിലും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയാൽ അറസ്റ്റിലേയ്ക്ക് കടക്കാനാണ് നീക്കം.