ആറുമാനൂരിലേക്ക് ദേ, എൻജിൻ ഘടിപ്പിച്ച ബോട്ടെത്തുന്നു…
സ്വന്തം ലേഖകൻ
കോട്ടയം:കഴിഞ്ഞ പ്രളയങ്ങളിൽ തികച്ചും ഒറ്റപ്പെട്ടു പോയ പ്രദേശമാണ് ആറുമാനൂർ. നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലാണ് അഭയം തേടിയിരുന്നത്.താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.വെള്ളം കയറി വരുന്ന ആദ്യദിവസങ്ങളിൽ ക്യാമ്പുകളിലേക്ക് മരുന്നും, ഭക്ഷണവുമെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ശക്തമായ ഒഴുക്കിനെയും മറികടന്ന്, ജീവൻ പണയം വച്ചാണ് ഇവിടുത്തെ യുവജനകൂട്ടായ്മയായ മഹാത്മാ യുവജനക്ഷേമ സംഘം പ്രവർത്തിച്ചത്. ഫയർഫോഴ്സിന് പോലും ഈ പ്രദേശത്തേക്ക് കടന്നു വരാൻ ആ സമയങ്ങളിൽ സാധിച്ചിരുന്നില്ല.
നിരവധി ആളുകളെ ക്യാമ്പിലെത്തിക്കാനും ആശുപത്രി ആവശ്യങ്ങൾക്കും ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു ഫൈബർ വള്ളമായിരുന്നു.കൂടാതെ വാഴപ്പിണ്ടി ചങ്ങാടവും, ചെമ്പും ഒക്കെയായിരുന്നു രക്ഷാപ്രവർത്തകർ ഉപയോഗിച്ചത്.
അടുപ്പിച്ചുണ്ടായ വെള്ളപ്പൊക്കങ്ങളും, വെള്ളം കയറി വരുന്ന സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടു പോയവർ രക്ഷപ്പെടുത്താൻ ആവശ്യപ്പെട്ടു വിളിക്കുമ്പോൾ യാതൊരു സാങ്കേതിക മാർഗ്ഗങ്ങളും കണ്ടെത്താനാകാതെ വിഷമിച്ച നിസ്സഹായ അവസ്ഥയുമാണ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ അടങ്ങുന്ന യുവജനക്ഷേമ സംഘം പ്രവർത്തകരെ നാടിന് സ്വന്തമായി എൻജിൻ ഘടിപ്പിച്ച ഒരു ബോട്ട് വാങ്ങുക എന്ന ആശയത്തിൽ കൊണ്ടെത്തിച്ചത്. വെള്ളം ഇറങ്ങിയ അടുത്ത ദിവസം തന്നെ ഈ ആശയം അവതരിപ്പിച്ചുകൊണ്ട് ജോയിസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നെ വള്ളത്തിനും എൻജിനുമായുള്ള അന്വേഷണങ്ങളും യാത്രകളുമായിരുന്നു.
പല സ്ഥലങ്ങളിൽ പോയി ബോട്ടുകൾ കണ്ടെങ്കിലും തങ്കളുടെ നാടിന് യോജിച്ചത് പുതുതായി നിർമ്മിക്കാൻ അവർ തീരുമാനിച്ചു. ആലപ്പുഴ വണ്ടാനത്തുനിന്ന് മത്സ്യഫെഡ് മാനേജരുടെ സഹായത്താൽ ഇവർ എൻജിൻ സംഘടിപ്പിച്ചു.
ഇതിനിടയ്ക്ക് വിദേശത്തുള്ള നാട്ടുകാർ അത് ഏറ്റെടുക്കുകയും അവരുടേതായ സംഭാവന എത്തിച്ചു നല്കുകയും ചെയ്തു.ഉദ്ദേശം ഒരു ലക്ഷം രൂപ മൊത്തം ചിലവാണ് പ്രതീക്ഷിക്കുന്നത്.
ഹരിപ്പാടിനടുത്ത് ആയ്യാപറമ്പിലുള്ള ഉണ്ണിയേട്ടൻ എന്ന അജയകുമാർ ഇവർക്ക് പറഞ്ഞ തരത്തിലുള്ള ബോട്ട് ഫൈബറിൽ നിർമ്മിച്ചു നല്കുകയും ചെയ്തു. പതിനഞ്ചിൽ അധികം പേർക്ക് ഇതിൽ സുഖമമായി യാത്ര ചെയ്യാൻ സാധിക്കും.ആഞ്ഞിലിയിൽ നിർമ്മിച്ച പടികളാണിതിനുള്ളത്.
ആലപ്പുഴ അച്ഛൻ കോവിലാറ്റിലൂടെ ബോട്ടിന്റെ പരീക്ഷണയാത്രയും മഹാത്മ യുവജനക്ഷേമ സംഘം പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
അവസാന മിനുക്കു പണികളും കഴിഞ്ഞ് മിനി ലോറിയിൽ കഴിഞ്ഞ ദിവസം ആറുമാനൂർ കൊറ്റം കടവിൽ വള്ളം സുരക്ഷിതമായി ഇറക്കി.
പ്രളയം ബാധിച്ച നാട്ടിൽ ആരോടും സാമ്പത്തികസഹായം ചോദിക്കാതെ ഫേസ്ബുക്ക് പോസ്റ്റു കണ്ട പ്രവാസികളാണ് ഈ ഉദ്യമം ഇവിടെ വരെ എത്തിക്കാൻ സഹായിച്ചതെന്ന് സംഘം പ്രവർത്തകർ പറഞ്ഞു.
ഏതു കരക്കാർക്കും ബോട്ടും എൻജിനും ആവശ്യമുള്ളപ്പോൾ സംഘത്തിനെ ബന്ധപ്പെടാമെന്നും,
ടൂറിസത്തിന്റെ ഭാഗമായി
മീനച്ചിലാർ കേന്ദ്രീകരിച്ച് ബോട്ട് സവാരി സംഘടിപ്പിക്കാനും സംഘത്തിന് പദ്ധതിയുള്ളതായി പ്രസിഡണ്ട് ജയദാസ് നന്ത്യാട്ടുതുണ്ടം പറഞ്ഞു. അജിത്ത് ശ്യാമളാലയം, പ്രദീഷ് വട്ടത്തിൽ,
സഞ്ജഷ് മോൻ, ജിതി മംഗലത്ത്, ജയദാസ് ജെ.പി,
തോമസ് കെ.ബി, ജേക്കബ് ഇല്ലത്തുപറമ്പിൽ,പ്രശാന്ത് താറാംഗലത്ത്, വിഷ്ണു വടക്കേകുറ്റ്,ശ്രീകാന്ത് ആതിര, സിജിൻ തോമസ്, വിനോദ് മാരാംപറമ്പിൽ ,സജീവ് കെ.ടി,ജിജോ രാജ് ,മഹേഷ്കുമാർ എം.വി, ജീബേഷ് എം.ജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോട്ട് പദ്ധതി പൂർത്തിയാക്കാൻ സാധിച്ചതെന്ന് ജോയിസ് കൊറ്റത്തിൽ പറഞ്ഞു.
Third Eye News Live
0