അയലയും മത്തിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: മത്തിയും അയലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. വായിക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ശരിക്കും സത്യമാണ്. അയലയും മത്തിയും മത്സരിക്കുന്നത് അവരുടെ വിലയിൽ ആണെന്ന് മാത്രമേയുള്ളൂ. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ഈ സീസണിൽ മത്തിയുടെ വില പലപ്പോഴും അയലയെ മറി കടന്ന് 200 രൂപയ്ക്കു മുകളിൽ 220 രൂപ വരെ എത്തി. മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടിൽ കിട്ടാക്കനിയാകുന്നത്. ഇത്തരത്തിൽ ഇടിവ് നേരിട്ടതോടെ കേരളത്തിൽ മത്തി വില വൻ തോതിൽ കുതിച്ചു കയറുകയാണ്. തൃശ്ശൂർ മുതൽ വടക്കോട്ട് മത്തിയുടെ ലഭ്യത വലിയ തോതിൽ ഇടിഞ്ഞപ്പോൾ തെക്കൻ മേഖലയിൽ മത്തി ലഭ്യത കുറഞ്ഞു. മത്തി ചതിച്ചെങ്കിലും ഇത്തവണ അയല അൽപ്പം കൂടുതൽ ലഭിച്ചതായാണ് ഈ രംഗത്തുളളവർ പറയുന്നത്. ഇന്നലെ കോട്ടയം മത്സ്യഫെഡ് ഫിഷ് മാർട്ടിൽ മത്തി വില 160 രൂപയും അയലയുടെ വില 170 രൂപയുമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഫെഡ്.