
പാലാ: ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലന്‍സ് പരിധി ഉയർത്തിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.
പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്സിസ് ബാങ്കിനെതിരെയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ഉപഭോക്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ മിനിമം ബാലന്‍സ് പരിധി വര്‍ദ്ധിപ്പിച്ച ശേഷം പിഴ എന്ന പേരില്‍ പണം ഈടാക്കിയത് മോഷണത്തിന്റെ പരിധിയില്‍ വരുമെന്ന് എബി ജെ ജോസ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2008-ല്‍ പാലാ ശാഖയില്‍ തുറന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5,000 രൂപ ആയിരുന്നു. ഇത് കൃത്യമായി നിലനിര്‍ത്തിയിരുന്നതിനാല്‍ ഇതുവരെ പിഴയൊന്നും ഈടാക്കിയിരുന്നില്ല.
എന്നാല്‍, അടുത്തിടെ അക്കൗണ്ടില്‍ സുഹൃത്തിന്റേതായ ഏകദേശം 80,000 രൂപ ഏതാനും ദിവസം ഉണ്ടായിരുന്നു. ഈ പണം പിന്‍വലിച്ച ശേഷം കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 401.93 രൂപ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു.
ആക്സിസ് ബാങ്കിന്റെ പാലാ ശാഖയില്‍ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് പരിധി 25,000 രൂപയായി ഉയര്‍ത്തിയെന്ന ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. പരാതിക്കാരന്‍ ഇത് ചോദ്യം ചെയ്യുകയും, 25,000 രൂപ മിനിമം ബാലന്‍സ് ഉള്ള അക്കൗണ്ട് താന്‍ എടുത്തിട്ടില്ലെന്നും പരിധി ഉയര്‍ത്താനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.




