play-sharp-fill
തെറ്റിദ്ധാരണയും ബോധവൽക്കരണ കുറവും മൂലമാണ് അവയവദാനത്തിന്  ജനങ്ങൾ മടിക്കുന്നത്: കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവേൽ

തെറ്റിദ്ധാരണയും ബോധവൽക്കരണ കുറവും മൂലമാണ് അവയവദാനത്തിന് ജനങ്ങൾ മടിക്കുന്നത്: കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവേൽ

 

കോട്ടയം: ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണയും ബോധവൽക്കരണത്തിൻ്റെ കുറവുമാണ് അവയവദാനത്തിന് ജനങ്ങൾ മടിക്കുന്നതെന്ന് കോട്ടയം ജില്ലാ കലക്ടർ ജോൺ വി സാമുവേൽ ഐ എ എസ്.

കോട്ടയം മെഡിക്കൽ കോളേജിൽ ലോക അവയവദാനദിനാചരണത്തിൻ്റെ ഭാഗമായി നടന്ന സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവദാനം മറ്റൊരാൾക്ക് പുതിയതും ഉല്ലാസ പൂർണ്ണവുമായ ജീവിതം കെട്ടിപ്പടുക്കുവാൻ സഹായകമാകും.

ദൈവത്തിൻ്റെ അദൃശ്യകരങ്ങൾ ഉള്ളവരാണ് ഡോക്ടർമാർ. അവയവദാനം എന്ന മഹത്തായ കർമ്മത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കുക എന്ന പ്രചരണം വൈദ്യശാസ്ത്ര മേഖലയിൽ നിന്നും ഉണ്ടാകണം. മരണശേഷവും, ജീവിച്ചിരിക്കുമ്പോഴും ഇങ്ങനെ രണ്ടു തരത്തിലാണ് അവയവദാനം നടക്കുന്നത്.ഇതിൽ ഏറെ വിഷമം മരണശേഷം അല്ലെങ്കിൽ മസ്തിഷ്ക മരണ ശേഷം നടക്കുന്ന അവയവ മാറ്റമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു കാരണം അവയവദാനത്തെക്കുറിച്ച് ബന്ധുക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്. കേരളത്തിലാണ് ഇത്തരം ശസ്ത്രക്രിയകൾ ഏറെ കുറവായി നടക്കുന്നത്. അവയവമാറ്റത്തെക്കുറിച്ച് കുടുംബ കൂട്ടായ്മകളിലും മറ്റും . പ്രചരണം ഉണ്ടാകണം. ഇതേക്കുറിച്ചുള്ള സന്ദേശവും ബോധവൽക്കരണവും വ്യക്തമായ കാഴ്ചപ്പാടോടെ പൊതു സമൂഹത്തിൽ പങ്കുവയ്കണമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വർഗ്ഗീസ് പി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ സമീപഭാവിയിൽ തന്നെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻേറഷൻ, ബോൺമാരോ എന്നിവയും നടത്താനുള്ള തീവ്രശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
നെഫ്രോളജി വിഭാഗം മേധാവിയും നോഡൽ ഓഫീസറുമായ ഡോ.സെബാസ്റ്റ്യൻ ഏബ്രഹാം വിഷയാവതരണം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിൽ ഇതുവരെ 57 വൃക്ക, 6 കരൾ, 10 ഹൃദയം,64 കോർണിയ എന്നിങ്ങനെയുള്ള അവയവങ്ങൾ മാറ്റിവച്ചു.ഇന്ത്യയിൽ 1.03 ലക്ഷം രോഗികൾ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നു. ദിവസവും 17 പേർ വീതം അവയവങ്ങൾ മാറ്റിവയ്ക്കപ്പെടാനാകാതെ മരണപ്പെടുന്നു.കഴിഞ്ഞ വർഷം 40000 രോഗികളിലാണ് അവയവ മാറ്റ ശസ്ത്രക്രീയ നടന്നത്.ദാതാക്കളുടെ കുറവുമൂലം മരണപ്പെടുന്ന രോഗികൾ വർദ്ധിക്കുകയാണ്.

ഹൃദയമൊഴിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ മറ്റ് അവയവങ്ങൾ ദാനം ചെയ്യാം.മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വച്ചു പിടിപ്പിച്ചുവെങ്കിലും അതു പരാജയമായിരുന്നു. മസ്തിഷ്ക മരണം സംഭവിക്കുന്ന ഒരാളുടെ അവയവദാനത്തിലൂടെ എട്ടു പേർക്ക് ജീവിതം തിരികെ പിടിക്കാം. കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റി വയ്ക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജ് സൂപ്രണ്ടും കാർഡിയോ തൊറാസിക് മേധാവിയുമായ ഡോ. ടി കെ ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
നേത്രരോഗം, അനസ്തേഷ്യ, യൂറോളജി ഉദരരോഗം, ഉദരരോഗ ശസ്ത്രക്രിയ, ഹൃദ്രോഗം, ഹൃദയ രോഗ ശസ്ത്രക്രിയ, നെഫ്റോളജി എന്നീ വിഭാഗങ്ങളിലെ മേധാവിമാരെ കലക്ടർ ആദരിച്ചു.

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.സൈറു ഫിലിപ്പ്, ഗവൺമെന്റ് നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് ഡോ.ലിനി ജോസഫ്‌, ചീഫ് നഴ്സിംഗ് ഓഫീസർ ഇ സി ശാന്തമ്മ, ചീഫ് കോർഡിനേറ്റർ സ്മിത എസ്, അസി. കോർഡിനേറ്റർ റോസിജോൺ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് അവയവദാനവും ആനുകാലിക പ്രതിസന്ധികളും എന്ന വിഷയത്തിൽ സംവാദം നടന്നു. ഡോ.സജീവ് കുമാർ കെ എസ് (അസോ. പ്രൊ. നെഫ്രോളജി ), ഡോ.ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ വി (അസി. നോഡൽ ഓഫീസർ ഡി ഡി എം ഒ റ്റി), ജിമ്മി ജോർജ്ജ് ( ട്രാൻസ്പ്ലാൻ്റ് കോർഡിനേറ്റർ എം സി എച്ച്), നീതു പി തോമസ് (ട്രാൻസ് പ്ലാൻ്റ് കോർഡിനേറ്റർ എം സി എച്ച്) എന്നിവർ മോഡറേറ്റർമാരായി.