video
play-sharp-fill

“മഴ കാരണം പൊവണ്ടാന്ന് പറഞ്ഞതാ. കുഴപ്പമില്ലെന്നും പറഞ്ഞ് ഉമ്മയും തന്ന് പോയതാ അവള്..ജീവനാ പോയത്’: ഉരുളെടുത്ത അവന്തികയുടെ ഓർമ്മകളിൽ വിതുമ്പി കുടുംബം

“മഴ കാരണം പൊവണ്ടാന്ന് പറഞ്ഞതാ. കുഴപ്പമില്ലെന്നും പറഞ്ഞ് ഉമ്മയും തന്ന് പോയതാ അവള്..ജീവനാ പോയത്’: ഉരുളെടുത്ത അവന്തികയുടെ ഓർമ്മകളിൽ വിതുമ്പി കുടുംബം

Spread the love

മേപ്പാടി: മുത്തശ്ശിയുടെ വീട്ടിൽ രാത്രി ഉറങ്ങണമെന്ന് വാശി പിടിച്ചു പോയ പതിനാറു വയസുകാരി അവന്തികയാണ് ചൂരൽമലയിലെ ബ്രഷ്നേവിന്‍റേയും കുടുംബത്തിന്‍റെയും തീരാനോവ്.
ഉരുൾപൊട്ടലിൽ ആ വീട്ടിലെ മുഴുവൻ പേരും ഇല്ലാതായി.
മുകളിലെ വീട്ടിൽ ആയിരുന്ന ബ്രഷ്നേവും ഭാര്യയും ഒരു മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുമ്പോൾ മകളുടെ കളിചിരി ഓർമ്മകളിൽ വിതുമ്പിപ്പോവുകയാണ് ഈ കുടുംബം.
“മഴ കാരണം പൊവണ്ടാന്ന് പറഞ്ഞതാ. കുഴപ്പമില്ലെന്നും പറഞ്ഞ് ഉമ്മയും തന്ന് പോയതാ അവള്.
ഷീറ്റിട്ട ചെറിയ വീടായിരുന്നു അമ്മമ്മയുടേത്. രാത്രിയിൽ മരവും വെള്ളവുമെല്ലാം അടിച്ചുകയറിവന്നു.
അടുത്തുള്ള മുനീറിന്‍റെ വലിയ വീട് ഉൾപ്പെടെ ചുറ്റിലും ഒന്നും കാണുന്നില്ല. വീടിന്‍റെ മുകൾ ഭാഗത്ത് ഒരു കുന്നാണ്. അങ്ങോട്ട് കയറുന്നതിനിടെ ഏട്ടാ ഏട്ടാ എന്ന് വിളി കേട്ടു. അയൽവാസിയാണ്. പരിക്ക് പറ്റിയ മുബീനയെയും അപ്പുറത്തെ വീട്ടിലെ കുട്ടിയെയും രക്ഷിച്ചു”- അവന്തികയുടെ അച്ഛനും അമ്മയും കണ്ണീരോടെ പറഞ്ഞു.
അമ്മമ്മയേയും മേമയെയും അന്ന് തന്നെ കണ്ടെത്തി. ചെറിയച്ഛനെ പിറ്റേ ദിവസം കിട്ടി. ആറാമത്തെ ദിവസം ശനിയാഴ്ചയാണ് മോളെ കിട്ടിയത്.
തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. കാലിന്‍റെ വിരൽ നോക്കിയാണ് തിരിച്ചറിഞ്ഞതെന്ന് അച്ഛൻ പറയുന്നു. ‘എന്‍റെ കുട്ടി, എന്‍റെ ജീവൻ പോയി’ എന്ന് പറയുമ്പോൾ സങ്കടം താങ്ങാനാകുന്നില്ല ആ അച്ഛന്.
“നല്ല ടാലന്‍റുള്ള കുട്ടിയാ. വിദേശത്ത് പോയി പഠിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. അച്ഛന് എസ്റ്റേറ്റ് ജോലിയല്ലേ എന്നൊക്കൊ പറഞ്ഞ് ഞാൻ അവളെ പിന്തിരിപ്പിക്കുമായിരുന്നു. അപ്പോ ഒരു ലക്ഷം, രണ്ട് ലക്ഷമൊക്കെ സാലറി വാങ്ങുമെന്ന് അവൾ പറയും”- അമ്മ പറഞ്ഞു. അവൾക്കിഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോൾ, അവൾക്കിഷ്ടപ്പെട്ട ഡ്രസ് കാണുമ്പോൾ, ആ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ കരച്ചിൽ വരും. അവളിവിടെത്തന്നെയുണ്ടെന്ന തോന്നലാണെന്ന് അമ്മ പറഞ്ഞു.