
കോട്ടയം: ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്
2025 ഏപ്രില്‍ 1 മുതല്‍ വാഹനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച 50% നികുതിയും പലമടങ്ങ് വര്‍ദ്ധിപ്പിച്ച ടെസ്റ്റിംഗ് ഫീസും കണക്കാക്കുമ്പോള്‍ പഴയ വാഹനങ്ങള്‍ക്ക് ഉള്ള മതിപ്പുവിലയേക്കാള്‍ ചിലവേറുന്നതു മുഖാന്തിരം വാഹനങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതാണ് പുതിയ കേന്ദ്ര വാഹന നിയമം.
പുതുനിര വാഹനങ്ങള്‍ക്ക് 5-ഉം 7-ഉം വര്‍ഷം സര്‍വ്വീസ് വാരണ്ടി നല്‍കിക്കൊണ്ട് വാഹന നിര്‍മ്മാണക്കമ്പനികളുടെ സര്‍വ്വീസ് പോയിന്റുകളില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിറ്റ് ഉപഭോക്താക്കളെ കൊള്ളയടിക്കുവാനും കോര്‍പ്പറേറ്റുകളുടെ പുതുനിര വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുമുള്ള കളമൊരുക്കി കൊടുക്കുന്നതുമാണ് പുതിയ കേന്ദ്രനിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.
തന്മൂലം പഴയതരം വാഹനങ്ങളില്‍ കൂടുതലായും പണിയെടുക്കുന്ന ഇവിടുത്തെ സാധാരണ ഇടത്തരം വര്‍ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടേണ്ടി വരുന്ന ദയനീയ സാഹചര്യമാണുള്ളത്. നിവേദനങ്ങളും സമ്മര്‍ദ്ദങ്ങളും ഫലമില്ലെന്ന് കണ്ടതിനാല്‍, നിയമം ലഘൂകരിക്കുകയോ, പിന്‍വലിക്കുകയോ ചെയ്ത് ഈ തൊഴില്‍ മേഖലയെ പിടിച്ചു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാഹന ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ്‌സ് കേരളയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആദ്യം സൂചന പണിമുടക്കും ലോംഗ് മാര്‍ച്ചും നടത്തും. പ്രശ്‌നം പരിഹരിക്കാത്ത പക്ഷം തുടര്‍ച്ചയായി പണിശാലകള്‍ അടച്ചിട്ടുകൊണ്ട് കടുത്ത സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സംഘടന തീരുമാനിച്ചു.