തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: നാലു മാസത്തോളമായി അടച്ചിട്ടിരുന്ന സിനിമാ തീയറ്റർ വ്യവസായത്തിനു പുത്തൻ ഉണർവേകി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോട്ട്കാസ്റ്റ് മന്ത്രാലയത്തിന്റെ ഉത്തരവ്. രാജ്യത്തെ സിനിമ തീയേറ്ററുകൾ ഓഗസ്റ്റ് മാസം മുതൽ തുറക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം അറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചർച്ചയിൽ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകൾ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കിൽ 31 നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തീയേറ്ററുകൾ തുറന്നാലും സുരക്ഷ മാനദണ്ഡങ്ങളോടെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. തീയേറ്ററിൽ രണ്ട് മീറ്റർ അകലം പാലിച്ച് വേണം സീറ്റ് ക്രമീകരിക്കാൻ എന്നാണ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിന്റെ അഭിപ്രായം.
ആദ്യ വരിയിലെയും തുടർന്ന് ഓരോ വരിയിലെയും ഇടയിലെ സീറ്റുകൾ ഒഴിവാക്കി തീയേറ്ററിൽ ഇരിക്കാനുള്ള സജ്ജീകരണം ഉണ്ടാക്കണം.കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് മാസം മുതലാണ് തീയേറ്ററുകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
കൊവിഡ് വ്യാപനത്തെ തുടർന്നു രാജ്യത്തെ സിനിമാ മേഖല ആകെ സ്തംഭനാവസ്ഥയിലാണ്. കൊറോണ ബാധിച്ചതോടെ സിനിമാ മേഖല ആകെ അടച്ചിട്ടു. ഇതിനു ശേഷം കൊവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ മറ്റെല്ലാ മേഖലകളിലും നിയന്ത്രങ്ങളിൽ ഇളവ് നൽകിയെങ്കിലും, തീയറ്ററുകൾ ഇനിയും തുറക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.