play-sharp-fill
മീറ്ററെങ്കിൽ സമരമെന്ന് ഓട്ടോ തൊഴിലളി യൂണിയൻ: വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജില്ലാ കളക്ടർ; മീറ്ററിടാതെ ഓടിയാൽ വീഡിയോ എടുത്ത് വാട്‌സ്അപ്പിൽ ആർ.ടി.ഒയ്ക്കയക്കാം; ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

മീറ്ററെങ്കിൽ സമരമെന്ന് ഓട്ടോ തൊഴിലളി യൂണിയൻ: വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജില്ലാ കളക്ടർ; മീറ്ററിടാതെ ഓടിയാൽ വീഡിയോ എടുത്ത് വാട്‌സ്അപ്പിൽ ആർ.ടി.ഒയ്ക്കയക്കാം; ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയ ജില്ലാ കളക്ടറുടെ നിലപാടിനെതിരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഓട്ടോഡ്രൈവർമാരുടെ യൂണിയൻ. തിങ്കളാഴ്ച സൂചനാ സമരം നടത്തിയ യൂണിയനുകൾ, ചൊവ്വാഴ്ച പരിശോധന നടത്തിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയനുകൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ഓട്ടോഡ്രൈവർമാർ നിയമം പാലിക്കുന്ന കാര്യത്തിൽ സഹകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിൽ തന്നെയാണ് ജില്ലാ കളക്ടർ സുധീർ ബാബുവും, ആർ.ടി.ഒ വി.എം ചാക്കോയും, എൻഫോഴ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസും. നിയമലംഘനങ്ങളോ ഓട്ടോറിക്ഷാ ഡ്രൈവർമാർ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ഫോട്ടോയോ, വീഡിയോയോ വാട്‌സ്അപ്പ് ചെയ്യാമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്നായിരുന്നു ജില്ലാ കളക്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാത്രിയിൽ നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തുകയും 20 ഓട്ടോറിക്ഷകൾക്ക് മീറ്റർ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത് എത്തി. തുടർന്ന് ഐഎൻടിയുസി , ബി.എം.എസ്, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ സമരവുമായി രംഗത്ത് എത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത സമരസമിതി യോഗത്തിന് ശേഷം നിർണ്ണായക തീരുമാനത്തിൽ യൂണിയനുകൾ എത്തിച്ചേർന്നിട്ടുണ്ട്. ചൊവ്വാഴ്ചയും പരിശോധന തുടരുകയാണെങ്കിൽ പരിശോധന യെ അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നുമാണ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ,  മീറ്റർ ഇല്ലാത്തതും അമിത നിരക്ക് ഈടാക്കുന്നതും സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ആർ.ടി ഓഫീസിലെ   0481 2560429 എന്ന നമ്പരിൽ അറിയിക്കാം.  പരാതികളും അനുബന്ധ വീഡിയോ ദൃശ്യങ്ങളും വാട്‌സപ്പ് സന്ദേശമായി 8547639005 എന്ന നമ്പരിലേക്ക് അയക്കാം.
മീറ്റർ പ്രവർത്തിപ്പിക്കാതെ  സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ദൃശ്യങ്ങൾ വാഹനത്തിനുളളിൽ  പ്രദർശിപ്പിച്ചിരിക്കുന്ന രജിസ്‌ട്രേഷൻ വിവരങ്ങൾ ഉൾപ്പടെ ചിത്രീകരിച്ച് അയച്ചാൽ പരാതിയായി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ വി.എം ചാക്കോ അറിയിച്ചു
ആർടി ഓഫിസ് ലാൻഡ് ഫോൺ –  0481 2560429
വാട്‌സ് അപ്പ് നമ്പർ – 8547639005