play-sharp-fill
ഓട്ടോറിക്ഷക്കാരുടെ മർക്കടമുഷ്ടിയ്ക്ക് മുന്നിൽ കളക്ടറും മുട്ടുമടക്കി: സെപ്റ്റംബർ 16 വരെ ഓട്ടോറിക്ഷ മീറ്ററുകൾക്ക് ഇളവ്; കട്ടയ്ക്കു നിന്ന ആർ.ടി.ഒയും പൊലീസും ഒടുവിൽ സുല്ലിട്ടു

ഓട്ടോറിക്ഷക്കാരുടെ മർക്കടമുഷ്ടിയ്ക്ക് മുന്നിൽ കളക്ടറും മുട്ടുമടക്കി: സെപ്റ്റംബർ 16 വരെ ഓട്ടോറിക്ഷ മീറ്ററുകൾക്ക് ഇളവ്; കട്ടയ്ക്കു നിന്ന ആർ.ടി.ഒയും പൊലീസും ഒടുവിൽ സുല്ലിട്ടു

സ്വന്തം ലേഖകൻ

കോട്ടയം: ഓട്ടോറിക്ഷക്കാരുടെ മർക്കട മുഷ്ടിക്ക് മുന്നിൽ ഒടുവിൽ പുതിയ കളക്ടറും മുട്ടുമടക്കി. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയ ഉത്തരവിലാണ് ഒടുവിൽ കളക്ടർ വെള്ളം ചേർത്തിരിക്കുന്നത്. തിങ്കളാഴ്ച ഓട്ടോറിക്ഷാ ഡ്രൈവർമാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്നാണ് ഓട്ടോഡ്രൈവർമാർക്ക് മുന്നിൽ ജില്ലാ കളക്ടർ ഇപ്പോൾ മുട്ട് മടക്കിയിരിക്കുന്നത്. ഇതോടെ സെപ്റ്റംബർ 16 വരെ ഓട്ടോറിക്ഷകൾക്ക് മീറ്ററിടാൻ അധികൃതർ സാവകാശം അനുവദിച്ചിട്ടുണ്ട്.
മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ കഴിഞ്ഞ രണ്ടു ദിവസമായി മോട്ടോർ വാഹന വകുപ്പും പൊലീസും നടപടികൾ ശക്തമായി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഓട്ടോഡ്രൈവർമാർ തിങ്കളാഴ്ച സമരം നടത്തുകയും, റോഡ് ഉപരോധിക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. ഇതിനിടെ വരും ദിവസങ്ങളിൽ മീറ്റർ ഘടിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമരം അടക്കമുള്ള നടപടികളിലേയ്ക്ക് യൂണിയനുകൾ കടക്കാനാണ് തീരുമാനിച്ചിരുന്നത്.
ഇതിനു ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ മീറ്റർ ഘടിപ്പിക്കുന്നതിനു സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം 16 വരെ സാവകാശം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. യൂണിയൻ പ്രതിനിധികളായ എം.പി. സന്തോഷ് കുമാർ(ഐ.എൻ.ടി.യു.സി), സുനിൽ തോമസ്(സി.ഐ.ടി.യു), പി.എസ്. തങ്കച്ചൻ(ബി.എം.എസ്) തുടങ്ങിയവരാണ് കളക്ടറുമായി ചർച്ച നടത്തിയത്.
എന്നാൽ, പതിനാറിന് ശേഷവും മീറ്റർ ഇടാൻ ഓട്ടോറിക്ഷാ തൊഴിലാളികൾ തയ്യാറായില്ലെങ്കിൽ കർശനമായ നടപടിയെടുക്കണമെന്നാണ് കോട്ടയത്തെ നാട്ടുകാർക്ക് ആവശ്യപ്പെടാനുള്ളത്.